തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഓൺലൈനിൽ അപേക്ഷിക്കുന്നവർക്ക് ഹിയറിംഗിന് ഓൺലൈൻ വഴിയോ, മൊബൈൽ ഫോൺ- വീഡിയോകോൾ വഴിയോ ഹാജരാകാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ അറിയിച്ചു.കൊവിഡ് വ്യാപനവും, കണ്ടെയ്ൻമെന്റ് സോണുകൾ മാറിവരുന്നതും കണക്കിലെടുത്താണിത്.
വോട്ടർ പട്ടികയിൽ പേര് ചേർക്കാനോ ഭേദഗതി വരുത്താനോ ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർ അപേക്ഷയുടെ പ്രിന്റൗട്ടിൽ ഒപ്പ് പതിച്ച്, ഫാറം നമ്പർ 14ൽ ഫോട്ടോ ഉൾപ്പെടെയള്ള രേഖകൾ സഹിതം ഇ- മെയിലായോ നേരിട്ടോ ആൾ വശമോ ലഭ്യമാക്കാം. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ ഓൺലൈൻ വഴിയോ മൊബൈൽ ഫോൺ- വീഡിയോകാൾ വഴിയോ അപേക്ഷയിലെ വിവരങ്ങൾ ബോദ്ധ്യപ്പെട്ട് തുടർ നടപടി സ്വീകരിക്കും. ഫാറം 5ൽ ലഭിക്കുന്ന ആക്ഷേപങ്ങൾക്കും ഹിയറിംഗിന് ഹാജരാകാൻ കഴിയാത്തവർക്കും ഈ സൗകര്യങ്ങൾ ഉപയോഗിക്കാം.. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് 26 വരെ അപേക്ഷ സമർപ്പിക്കാം. അന്തിമ പട്ടിക സെപ്തംബർ 26 ന് പ്രസിദ്ധീകരിക്കും.
പ്രോക്സി വോട്ട്
കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രോക്സി വോട്ടനുവദിക്കുന്നതിൽ ഉചിതമായ തീരുമാനം തേടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ സർക്കാരിന് റിപ്പോർട്ട് നൽകി. സാമൂഹ്യഅകലം പാലിക്കേണ്ടതിനാൽ വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ നീട്ടണമെന്നും ശുപാർശയിലുണ്ട്.
ഇതിന് പഞ്ചായത്തിരാജ്- മുനിസിപ്പൽ നിയമങ്ങളിൽ ഭേദഗതി വരുത്തണം. പ്രോക്സി വോട്ടിന് പരിഗണിക്കേണ്ട ഉറ്റബന്ധുക്കളുടെ പട്ടിക ഈ ഘട്ടത്തിലാണ് തീരുമാനിക്കേണ്ടത്. അച്ഛൻ, അമ്മ, മകൻ, മകൾ എന്നിവരെ ഉറ്റബന്ധുക്കളായി പരിഗണിക്കും. പ്രോക്സി വോട്ടിനോട് പ്രതിപക്ഷം യോജിച്ചിട്ടില്ല.