തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനാസ്ഥമൂലം റദ്ദാക്കപ്പെടുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്ത ശിവഗിരി വികസന സർക്യൂട്ടിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള ആറ്റിങ്ങൽ എം.പി അടൂർ പ്രകാശിന്റെ ശ്രമം അപലപനീയമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ. എന്തു നടന്നാലും അതിന്റെ ഉത്തരവാദി താനാണെന്ന് വീമ്പുപറയുന്ന ബഷീർ കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെയാണ് അടൂർ പ്രകാശെന്ന് സുധീർ പറഞ്ഞു.

നരേന്ദ്ര മോദി സർക്കാരാണ് ശിവഗിരിയും ചെമ്പഴന്തി, അരുവിപ്പുറം തുടങ്ങിയ സ്ഥലങ്ങളും കോർത്തിണക്കി ശിവഗിരി സർക്യൂട്ട് പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാർ പദ്ധതി നടത്തിപ്പിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് താത്കാലികമായി റദ്ദാക്കപ്പെട്ടു. എന്നാൽ കേന്ദ്രമന്ത്രി വി.മുരളീധരൻ നടത്തിയ ഇടപെടൽ ഫലം കാണുകയും പദ്ധതി പുനഃസ്ഥാപിക്കുകയുംചെയ്തു. പദ്ധതി വീണ്ടും പ്രഖ്യാപിച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ തന്റെ ശ്രമം കൊണ്ടാണ് പുനഃസ്ഥാപിച്ചതെന്ന എം.പി യുടെ പ്രസ്താവന ഉളുപ്പില്ലായ്മയാണെന്ന് സുധീർ പറഞ്ഞു. മൂന്നുമാസം മുൻപാണ് വി. മുരളീധരൻ ഇടപെട്ട് പദ്ധതി പുനഃസ്ഥാപിച്ചത്. ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ച എം.പി മാപ്പു പറയണമെന്ന് സുധീർ ആവശ്യപ്പെട്ടു.