കൊച്ചി: ലോക്ക് ഡൗൺ ഇളവുകൾ അനുവദിച്ചെങ്കിലും പന്തൽ സെറ്റ്, ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളികളുടെ ദുരിതത്തിന് യാതൊരു ഇളവുമില്ല. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ പന്തൽ സെറ്റ്, ലൈറ്റ് ആൻഡ് സൗണ്ട് ഉപകരണങ്ങളെല്ലാം വിശ്രമത്തിലാണ്. വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും നിയന്ത്രണം വന്നത്തോടെ ആരും ലൈറ്റ് ആൻഡ് സൗണ്ട് ഉപകരണങ്ങൾ ഉപയോഗിക്കാതെയായി. ഇതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന 16500ത്തോളം ഉടമകളും അവരെ ആശ്രയിക്കുന്ന തൊഴിലാളികളും മുഴുപ്പട്ടിണിയിലാണ്. ലക്ഷങ്ങൾ ലോൺ എടുത്ത് വാങ്ങിയ ഉപകരണങ്ങളിൽ പലതും നശിച്ച് തുടങ്ങി. ഇതിന് പുറമേ എടുത്ത ലോൺ തിരിച്ചടയ്ക്കാനും കഴിയാതെയായി. സീസണെല്ലാം നഷ്ടമായത്തോടെ 200 കോടിയോളം രൂപയുടെ നഷ്ടമാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്. കനത്ത പ്രതിസന്ധി നേരിടുന്ന ഈ മേഖലയെ കരകയറ്റാൻ സർക്കാർ അനുകൂല നടപടിയെടുക്കുമെന്ന പ്രതീക്ഷയിൽ കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ 138 എം.എൽ.എമാർക്കും ലോക്‌സഭ അംഗങ്ങൾക്കും സംസ്ഥാനത്ത് നിന്നുള്ള മുഴുവൻ രാജ്യസഭാംഗങ്ങൾക്കും ആഗസ്റ്റ് 15 ന് നിവേദനം നൽകിയിരുന്നു. ജില്ലയിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള എല്ലാ എം.എൽ.എമാർക്കും എം.പിമാർക്കും നിവേദനം നൽകിയിട്ടുണ്ട്. സർക്കാർ ഈ പ്രതിസന്ധിക്ക് ഉടനടി പരിഹാരം കാണുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.
ആവശ്യങ്ങൾ
1. നികുതി, ഇൻഷുറൻസ് കാലാവധി നീട്ടുക
2. വായ്പാ മൊറട്ടോറിയം പലിശരഹിതമായി നീട്ടുക
3. നാല് ശതമാനം പലിശനിരക്കിൽ അഞ്ച് ലക്ഷം വരെ ലോൺ
4. ചടങ്ങുകളിൽ പ്രോട്ടോകോൾ പാലിച്ച് 200 പേരെ പങ്കെടുപ്പിക്കുക
" നിയന്ത്രണങ്ങളിൽ ഇളവ് വന്നപ്പോൾ അത് ഞങ്ങൾക്ക് ആശ്വാസമാകുമെന്ന് കരുതി. പക്ഷെ ചടങ്ങുകളിൽ അധികം ആളുകൾക്ക് പങ്കെടുക്കാനാവത്തത് വിനയായി. മന്ത്രിമാർക്കും എം.എൽ.എമാർക്കും നിവേദനം നൽകിയതിൽ ഉടൻ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ."
വി.ആർ പ്രകാശൻ
ജില്ലാ ജനറൽ സെക്രട്ടറി
കെ.എസ്.എച്ച്.ജി.ഒ.എ