തിരുവനന്തപുരം: കസ്റ്റഡിയിലെടുത്തയാൾ പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച സംഭവത്തിൽ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം ഫോർട്ട് സ്റ്റേഷനിൽ പ്രാഥമിക പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്തപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു പൊലീസുകാരുടെയും മൊഴി രേഖപ്പെടുത്തി. ഫോറൻസിക് ഡോക്ടർ ഇന്ന് സ്‌റ്റേഷൻ സന്ദർശിച്ചേക്കും. ആദ്യം കേസ് അന്വേഷിച്ച ജില്ലാ ക്രൈം ബ്രാഞ്ചിൽ നിന്നും ഡിവൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു പരിശോധന. പ്രതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇതുവരെയും ലഭിച്ചിട്ടില്ല. പുന്തുറ പള്ളിത്തെരുവ് ടി.സി. 46/112ൽ അൻസാരിയെയാണ് (37) ഞായറാഴ്ച രാത്രി ഫോർട്ട് സ്റ്റേഷനിലെ ടോയ്‌ലെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡി.ജി.പിയുടെ നിർദ്ദേശ പ്രകാരമാണ് കസ്റ്റഡി മരണം ക്രൈംബ്രാഞ്ച് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കുന്നത്. പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താൻ വൈകിയതിൽ വകുപ്പുതല അന്വേഷണമുണ്ടായേക്കും.