arrest

കണ്ണൂർ: മിനിലോറി കവർച്ച ചെയ്ത കേസിൽ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്ത് തോട്ടടയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ റിമാന്റിലിരിക്കെ തടവു ചാടിയ പ്രതി രണ്ടു മാസത്തിനു ശേഷം കാസർകോട് പിടിയിലായി. കാസർകോട് ജില്ലയിലടക്കം നിരവധി വാഹന മോഷണ കേസിൽ പ്രതിയായ കാഞ്ഞങ്ങാട് ചെമ്മനാട് സ്വദേശി മാങ്ങാട്ട് വീട്ടിൽ റംസാനാണ്(22) കാസർകോട് പൊലീസിന്റെ പിടിയിലായത്.

ഇയാളെ കാസർകോട് പൊലീസ് എടക്കാട് പൊലീസിന് കൈമാറി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജൂൺ രണ്ടാം വാരമായിരുന്നു റംസാൻ തോട്ടടയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് തടവുചാടിയത്. മറ്റൊരു കേസിലെ പ്രതി ആറളം ഫാം സ്വദേശി മണിക്കുട്ടനും ഇയാളുടെ കൂടെ രക്ഷപ്പെട്ടിരുന്നെങ്കിലും പിറ്റേദിവസം പിടിയിലായി.