loknath-behra

തിരുവനന്തപുരം: ക്രൈംബ്രാഞ്ചിന് മൂക്കുകയറിടാൻ, കേസ് അന്വേഷണം തന്റെ അനുമതിയോടെ മാത്രമേ ഏറ്റെടുക്കാവൂവെന്ന് നിർദ്ദേശിച്ചിറക്കിയ സർക്കുലർ ഡി.ജി.പി ബെഹ്റ തിരുത്തി. കേസെടുക്കാൻ അനുമതി വേണ്ടെന്നാണ് പുതിയ സർക്കുലറിലുള്ളത്. അടിയന്തര സാഹചര്യങ്ങളിൽ ക്രൈംബ്രാഞ്ചിന് നേരിട്ട് കേസ് രജിസ്​റ്റർ ചെയ്യാമെന്നും ഇക്കാര്യം തന്നെ അറിയിച്ചാൽ മതിയെന്നും പറയുന്നു.

കോടതിയും സർക്കാരും ഉത്തരവിടുന്ന കേസുകളിൽ നേരിട്ടുതന്നെ കേസ് രജിസ്​റ്റർ ചെയ്യാം. ഇത്തരം കേസുകളിൽ അന്വേഷണം സംബന്ധിച്ച നടപടിക്രമങ്ങൾ പൊലീസ് മേധാവി വിശദമാക്കും. ലോക്കൽ പൊലീസ് അന്വേഷിക്കുന്ന കേസുകൾ ക്രൈംബ്രാഞ്ചിനോ അതിന് കീഴിലുള്ള ജില്ലാ ക്രൈംബ്രാഞ്ച്, ഭീകര വിരുദ്ധ സ്ക്വാഡ് എന്നിവയ്‌ക്കോ കൈമാറി ഉത്തരവ് വന്നാലും ലോക്കൽ പൊലീസിന് അന്വേഷണം തുടരാം.

ഏതെങ്കിലും ജില്ലയിൽ പിന്നീട് ക്രൈംബ്രാഞ്ചിന് വിട്ടേക്കാൻ സാദ്ധ്യതയുള്ള കേസുകൾ രജിസ്​റ്റർ ചെയ്യപ്പെട്ടാൽ ലോക്കൽ പൊലീസ് അന്വേഷിക്കുമ്പോൾ തന്നെ ക്രൈംബ്രാഞ്ചിന്റെ ഒരു ഉദ്യോഗസ്ഥനെയും സംഘത്തിൽ ഉൾപ്പെടുത്തണം. ഇത് അന്വേഷണത്തെ സഹായിക്കുമെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.