abuse

തളിപ്പറമ്പ്: സഹോദരിമാരായ രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പെൺകുട്ടികളുടെ മാതാവിനെയും ബന്ധുവായ മധ്യവയസ്കനെയും പോക്‌സോ നിയമപ്രകാരം പരിയാരം സി.ഐ കെ.വി ബാബു അറസ്റ്റുചെയ്തു. പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് മാതാവിനെ അറസ്റ്റുചെയ്തത്.

പരിയാരം സ്റ്റേഷൻ പരിധിയിലെ പതിമൂന്നും പതിനാറും വയസുള്ള സഹോദരിമാരുടെ പരാതിയിലാണ് കേസ്. 2016 മുതൽ പെൺകുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പരാതി. ഇക്കഴിഞ്ഞ ജൂലായ് 28 നും പീഡനത്തിന് ഇരയായത്രെ. കുട്ടികളുടെ അച്ഛനും അമ്മയും കുടുംബവഴക്കിനെ തുടർന്ന് വേർപിരിഞ്ഞാണ് താമസിക്കുന്നത്. പെൺകുട്ടികൾ അമ്മയോടൊപ്പം താമസിക്കുന്നത് മുതലാക്കിയാണ് ബന്ധുകൂടിയായ പ്രതി പെൺകുട്ടികളെ പീഡിപ്പിച്ചത്.

2016 ഡിസംബറിൽ ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വാടക വീട്ടിൽ താമസിക്കവെ അവിടെ ചെന്നും ഇയാൾ 13 കാരിയെ പീഡിപ്പിച്ചിരുന്നതായി മൊഴിയിൽ പറയുന്നു. ഇതു സംബന്ധിച്ച പരാതി ശ്രീകണ്ഠാപുരം പൊലീസിന് കൈമാറിയിട്ടുണ്ട്. കൗൺസിലിംഗിനെ തുടർന്ന് ചൈൽഡ് ലൈൻ ഇടപെട്ടാണ് പരാതി നൽകിയത്.