തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് അനിയന്ത്രിതമാണെന്ന് വ്യക്തമാക്കി പുതിയ കണക്കുകൾ. സംസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്‌ത കൊവിഡ് രോഗികളുടെ എണ്ണത്തിൽ 540 പേർ തിരുവനന്തപുരത്താണ്. ഇതിൽ 519പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.പതിനൊന്ന് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും മൂന്നു പേർ വിദേശത്തു നിന്നും വന്നവരാണ്. വീട്ടു നിരീക്ഷണത്തിലായിരുന്ന ഏഴ് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തുടർച്ചയായി നാലു ദിവസമായി 450 മുകളിലാണ് രോഗികളുടെ എണ്ണം. തിരുവനന്തരപുരത്ത് ഏഴ് ആരോഗ്യപ്രവർത്തകർക്കും ഇന്നലെ രോഗമുണ്ടായി. 200ഓളം ആരോഗ്യപ്രവർത്തകർക്കാണ് തലസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കണക്കും ഇതുതന്നെ. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അഞ്ഞൂറിലധികം തടവുകാർക്കും തലസ്ഥാനത്ത് കൊവിഡ് പകർന്നിട്ടുണ്ട്. ഇന്നലെ ജില്ലയിൽ രണ്ടു മരണവും ഔദ്യോഗികമായി സ്ഥിരീകരിച്ചു. തിരുവനന്തപുരം കാലടി സൗത്ത് സ്വദേശിനി ഭാർഗവി (90), ആര്യനാട് സ്വദേശിനി മീനാക്ഷി (86) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. നിലവിൽ 4882 പേർ ജില്ലയിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇന്നലെ 224പേരാണ് രോഗമുക്തി നേടിയത്. നഗരപരിധിയിൽ 143പേർക്കും പോസിറ്റീവായി. മൂന്നുവയസുള്ള കുഞ്ഞിനും രോഗം ബാധിച്ചിട്ടുണ്ട്. ശാന്തിപുരം,മരിയനാട്,നാവായികുളം, കാഞ്ഞിരംമൂട്,ഇടിച്ചക്കപ്ലാമൂട്, ആനാവൂർ,ഭഗവതിനട, കുന്നത്തുകാൽ,ബാലരാമപുരം,ഒറ്റശേഖരമംഗലം, കൊച്ചുതോപ്പ്,ഊക്കോട്, കുറ്റിമൂട്,ചെറിയകൊണ്ണി, വട്ടവിള,കൂത്താളി,കരുമാനൂർ, വട്ടിയൂർക്കാവ്,തളച്ചാൻവിള,കോട്ടപ്പുറം,തൃക്കണ്ണാപുരം എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആകെ നിരീക്ഷണത്തിലുള്ളവർ- 23,508
വീടുകളിൽ-19,977
ആശുപത്രികളിൽ-2,816
കെയർ സെന്ററുകളിൽ -715
പുതുതായി നിരീക്ഷണത്തിലായവർ -1,797
ഡിസ്ചാർജ് ചെയ്‌തവർ-421