തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ അടച്ചിട്ട സ്കൂളുകൾ തുറക്കുന്ന മുറയ്ക്ക് കുട്ടികളുടെ പഠന വിടവ് നികത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക പരിപാടി നടപ്പാക്കും.
ഒന്നു മുതൽ ഏഴ് വരെയുള്ള ക്ളാസുകളിലെ കുട്ടികൾക്ക് സർവശിക്ഷാ അഭിയാൻ പഠന സഹായിയായി വർക്ക് ഷീറ്റുകൾ കുട്ടികളുടെ വീടുകളിലെത്തിക്കും. ഓൺലൈൻ ക്ളാസുകളുടെ നിലവാരം ഉറപ്പ് വരുത്തുന്നതിന് എസ്.സി.ഇ.ആർ.ടി ഡയറക്ടറുടെ നേതൃത്വത്തിൽ ഉപസമിതി രൂപീകരിക്കാനും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.കെ. രവീന്ദ്രനാഥിൻെറ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന കരിക്കുലം കമ്മിറ്റി യോഗം തീരുമാനിച്ചു
കൊവിഡ് മൂലം നഷ്ടപ്പെട്ട സ്കൂൾ ദിനങ്ങൾ നികത്തുന്നതിന് സിലബസ് തത്കാലം വെട്ടിക്കുറയ്ക്കില്ല . സ്കൂൾ തുറക്കുന്ന സാഹചര്യങ്ങൾ കൂടി വിലയിരുത്തും.രക്ഷിതാക്കളുടെ പങ്കാളിത്തവും ഉൾപ്പെടുത്തിയാവും പഠന രീതി ആവിഷ്കരിക്കുക. കുട്ടികളെ രക്ഷിതാക്കൾ വീടുകളിൽ പ്രത്യേകം ശ്രദ്ധിക്കണം. സംശയങ്ങൾ മാറ്റാൻ അവർക്കൊപ്പമിരിക്കണം. പഠനത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യണം. പ്രത്യേക ട്യൂഷൻ വേണമെങ്കിൽ അതും ഒരുക്കണം.
ഹയർ സെക്കൻഡറിയിലെ മുപ്പതോളം മൈനർ വിഷയങ്ങളുടെ ക്ളാസുകൾ ഓൺലൈൻ വഴി നടത്തും. ആദിവാസി പിന്നാക്ക മേഖലയിലുൾപ്പെടെ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠനം ഒരു കുറവുമില്ലാതെ നടപ്പിലാക്കാൻ ശ്രമിക്കും. ഇക്കാര്യത്തിൽ ആദിവാസി വകുപ്പിൻെറ സഹായവും ഉറപ്പാക്കും.നേർക്കാഴ്ച എന്ന പേരിൽ കുട്ടികളുടെ കൊവിഡ്കാല പഠനാനുഭവങ്ങൾ ചിത്രങ്ങളാക്കി അവതരിപ്പിക്കുന്ന പരിപാടി ഉടൻ തുടങ്ങും.യോഗ, ഡ്രിൽ , കലാകായിക പഠന ക്ളാസുകളുടെ ഡിജിറ്റൽ സംപ്രേക്ഷണവും ഉടൻ ആരംഭിക്കും. ഡി.എൽ.എഡ് വിദ്യാർത്ഥികളുടെ സെമസ്റ്ററാന്ത്യ പരീക്ഷ നടക്കാത്ത സാഹചര്യത്തിൽ, നിരന്തര മൂല്യനിർണയ സ്കോറുകൾ അന്തിമമാക്കും.
പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഡയറക്ടർ കെ.ജീവൻബാബു, എസ്.സി.ഇ.ആർ.ടി ഡയക്ടർ ജെ. പ്രസാദ്, എസ്.എസ്.കെ ഡയറക്ടർ കുട്ടികൃഷ്ണൻ, കൈറ്റ് ഡയറക്ടർ അൻവർ സാദത്ത്, അദ്ധ്യാപക സംഘടനാ നേതാക്കളായ കെ.സി.ഹരികൃഷ്ണൻ, എൻ.ശ്രീകുമാർ, സി.പ്രദീപ്, സി.പി. ചെറിയ മുഹമ്മദ്, ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.