തിരുവനന്തപുരം: രാജ്യത്ത് സർക്കാർ മേഖലയിൽ ആരംഭിച്ച ആദ്യ ഡെന്റൽ ലബോറട്ടറിയുടെ ഉദ്ഘാടനം പുലയനാർകോട്ടയിൽ 25ന് മന്ത്രി കെ.കെ. ശൈലജ ഓൺലൈനായി നിർവഹിക്കും. 1.30 കോടി രൂപയാണ് നിർമ്മാണ ചെലവ്. ഡെന്റൽ മെക്കാനിക്ക് ഗ്രേഡ് 1ൽ ഒരു തസ്തികയും ഡെന്റൽ മെക്കാനിക്ക് ഗ്രേഡ് 2 ൽ 5 തസ്തികകളും കാഷ്വൽ സ്വീപ്പർ, സെക്യൂരിറ്റി വിഭാഗങ്ങളിൽ രണ്ട് വീതം തസ്തികകളുമാണ് അനുവദിച്ചിട്ടുള്ളത്. ഡെന്റൽ കോളേജിലെ കൺസർവേറ്റീവ് ഡെന്റിസ്ട്രി വിഭാഗം മേധാവിയുടെ കീഴിലാണ് ലാബ് സജ്ജമാക്കിയത്.
ഡെന്റൽ ചികിത്സയുമായി ബന്ധപ്പെട്ട ക്രൗൺ, ബ്രിഡ്ജ്, ഇൻലെ, ഓൺലെ തുടങ്ങിയ ലാബ് വർക്കുകൾ നിർദ്ധനർക്ക് സൗജന്യമായി ലഭ്യമാക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ഡോ.ശശി തരൂർ എം.പി, മേയർ കെ. ശ്രീകുമാർ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാബീവി, ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. അനിറ്റാ ബാലൻ എന്നിവർ പങ്കെടുക്കും.