തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് ബാധിച്ച തടവുകാരുടെ എണ്ണം അഞ്ഞൂറ് കടന്നു. ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയ ശേഷം 516 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ കൂടുതലും പൂജപ്പൂര സെൻട്രൽ ജയിലിലുള്ളവരാണ്. രണ്ടാഘട്ട പരിശോധന 21ന് ആരംഭിക്കും. പൂജപ്പുരയിൽ 970 തടവുകാരെ പരിശോധിച്ചതിൽ 477 പേർക്ക് പോസിറ്റീവായി. ഇതിൽ ഗുരുതരാവസ്ഥയിലുള്ള ഏഴുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ സെൻട്രൽ ജയിലിലേയും എൽ.ബി.എസിലെയും ഐസൊലേഷൻ വാർഡുകളിലാണ്. തടവുകാർക്ക് പുറമെ ജീവനക്കാരുടെ ആദ്യഘട്ട പരിശോധനയും പൂർത്തിയാക്കി. ഇതിൽ 11 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പരോൾ ലഭിച്ച ഏഴു പ്രതികളെ ബന്ധുക്കൾക്കൊപ്പം വിട്ടിരുന്നു. ഇവരും കൊവിഡ് പോസിറ്റീവാണ്.
തിരുവനന്തപുരം ജില്ലാ ജയിലിലെ 36 തടവുകാർക്കും രോഗബാധയുണ്ടായി.
രോഗം പടരാതിരിക്കാനായി ഇവരെ സെൻട്രൽ ജയിലിലേക്ക് മാറ്റി. സ്‌പെഷ്യൽ സബ് ജയിലിലെ 3 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇവരും സെൻട്രൽ ജയിലിലെ ചികിത്സാ കേന്ദ്രത്തിലാണ്. അതിതീവ്ര വ്യാപനമുണ്ടായ പൂജപ്പുര സെൻട്രൽ ജയിലിൽ രോഗബാധയുടെ ഉറവിടം കണ്ടെത്താൻ ഇനിയും ആയിട്ടില്ല. ഇവിടെയുള്ള തടവുകാരെ നേരത്തെ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നു. ഈ സമയത്ത് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതാണ് രോഗം പടരാൻ കാരണമെന്നും ആരോപണമുണ്ട്.