psc-scam

തിരുവനന്തപുരം: യൂണിവേഴ്സി​റ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കൾ പ്രതികളായ പി.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും കുറ്റപത്രം നൽകാതെ അന്വേഷണ സംഘം പ്രതികളെ രക്ഷിക്കുകയാണെന്നാണ് ആക്ഷേപം.

യൂണിവേഴ്സി​റ്റി കോളേജിൽ സഹപാഠിയുടെ നെഞ്ചത്ത് കുത്തിയ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും പ്രണവുമാണ് കേസിലെ പ്രതികൾ. 2018 ജൂലായിൽ നടന്ന സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ യഥാക്രമം ഒന്നും രണ്ടും ഇരുപത്തിയെട്ടും റാങ്ക് നേടിയത് ഇവരാണ്. കോപ്പിയടിച്ചാണ് റാങ്ക് നേടിയതെന്ന് തെളിവു സഹിതം ക്രൈംബ്രാ‌ഞ്ച് കണ്ടെത്തിയിരുന്നു. ഇവരെ സഹായിച്ച ആറ് പേരും അറസ്റ്റിലായിരുന്നു. ശാസ്ത്രീയ തെളിവുകളടക്കം വീണ്ടെടുത്ത് അന്വേഷണം ഡിസംബറിൽ പൂർത്തിയായതാണ്.എട്ട് മാസം കഴിഞ്ഞിട്ടും കു​റ്റപത്രം സമർപ്പിക്കാനുള്ള അനുമതി ഉന്നതർ നൽകുന്നില്ല.

ചില സൈബർ വിവരങ്ങൾ കൂടി കിട്ടാനുള്ളതിനാലാണ് കു​റ്റപത്രം വൈകുന്നതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കുറ്റപത്രം നൽകാത്തതിനാൽ പ്രതികളെല്ലാം പുറത്തിറങ്ങി വിലസുകയാണ്.