തിരുവനന്തപുരം: എല്ലാ ഉപഭോക്താക്കൾക്കും 25 ശതമാനം സബ്സിഡി നൽകണമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ വൈദ്യുതി വകുപ്പിനോടും കെ.എസ്.ഇ.ബിയോടും ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനംമൂലം എല്ലാവർക്കും നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ആരേയും ഒഴിവാക്കേണ്ടെന്നുമാണ് കമ്മിഷന്റെ നിലപാട്. ഇന്നലെ ഓൺലൈനായി നടന്ന ഉപഭോക്താക്കളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗത്തിൽ പൊതുവേ ഉണ്ടായ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇതു സംബന്ധിച്ച് നിലവിൽ പുറത്തിറക്കിയിരിക്കുന്ന ഉത്തരവിൽ അവ്യക്തതയുണ്ടെന്നും അത് മാറ്റി പുതിയ ഉത്തരവ് ഇറക്കണമെന്നും കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജ് വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥരോടു നിർദ്ദേശിച്ചു.
ലോക്ക് ഡൗൺ കാലത്ത് വൻ തോതിൽ വൈദ്യുത ബിൽ കൂടിയതിനാൽ കെ.എസ്.ഇ.ബിക്കെതിരെ പരാതി പ്രളയമാണ് സംസ്ഥാനത്തുണ്ടായത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സബ്സിഡി പ്രഖ്യാപിച്ചത്.
ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമായി സബ്സിഡി നൽകുന്ന വിധത്തിലാണ് കെ.എസ്.ഇ.ബി തുടർ നടപടികൾ സ്വീകരിച്ചത്. വ്യാവസായിക ആവശ്യങ്ങൾക്ക് വൈദ്യുതി ഉപയോഗിക്കുന്ന എല്ലാ വിഭാഗത്തിനും ഈ സൗജന്യം ലഭിച്ചില്ല. ഇതു സംബന്ധിച്ച് വ്യാപകമായ പരാതി ലഭിച്ചതിനെ തുടർന്നാണ് കമ്മിഷൻ നിലപാട് അറിയിച്ചത്.
കെ.എസ്.ഇ.ബി എതിർക്കും
റഗുലേറ്ററി കമ്മിഷന്റെ തീരുമാനത്തെ കെ.എസ്.ഇ.ബി എതിർക്കും. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചുള്ള സബ്സിഡി നൽകുന്നതിനുള്ള നടപടി ബോർഡ് സ്വീകരിച്ചു കഴിഞ്ഞു. ആ വകയിൽ തന്നെ 200 കോടി രൂപയുടെ ബാദ്ധ്യതയുണ്ട്. കൂടുതൽ സബ്സിഡി നൽകാൻ നിർദ്ദേശിക്കാനുള്ള അധികാരം കമ്മിഷനില്ലെന്നും ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.