തിരുവനന്തപുരം: കൊവിഡ് സ്ഥിതി വഷളാക്കാൻ നോക്കുന്നവരുണ്ടെന്നും അവരുടെ മുന്നിൽ നിസ്സഹായരായിരിക്കരുതെന്നും ജില്ലാ കളക്ടർമാർ, പൊലീസ് മേധാവികൾ, മെഡിക്കൽ ഓഫീസർമാർ എന്നിവരോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ഭരണാധികാരികളുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗവ്യാപനം തടയാൻ നാം കഠിന ശ്രമം നടത്തുമ്പോൾ രോഗത്തെ നിസ്സാരവത്കരിക്കുന്ന ചിലരുമുണ്ട്. രോഗത്തെ അതിന്റെ വഴിക്കുവിടാമെന്ന സമീപനം പാടില്ല. രോഗവ്യാപനം തടഞ്ഞ് ജീവൻ രക്ഷിക്കുക എന്നതാണ് ലക്ഷ്യം. രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് എന്തുകൊണ്ടെന്ന് ഓരോ പ്രദേശത്തിന്റെയും പ്രത്യേകത നോക്കി പരിശോധിക്കണം. അതിന്റെ ഭാഗമായി ചെയ്യേണ്ടതൊക്കെ ചെയ്യണം.
ഇപ്പോൾ മരണനിരക്ക് പിടിച്ചുനിറുത്താൻ നമുക്കാവുന്നുണ്ട്. എന്നാൽ രോഗവ്യാപനം വലിയതോതിലായാൽ മരണനിരക്കും കൂടും. ഇതൊഴിവാക്കാൻ ആരോഗ്യവകുപ്പ് അതീവ ശ്രദ്ധ പുലർത്തണം. വാർഡുതല സമിതികൾ ഫലപ്രദമായി പ്രവർത്തിപ്പിക്കണം.
ചില പ്രത്യേക സ്ഥലങ്ങളെ ക്ലസ്റ്റർ ആയി കണ്ട് നിലപാടെടുക്കണം. കടകളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മുതൽ രാത്രി ഏഴു മണിവരെയെന്ന് ഉറപ്പാക്കണം.
മറ്റ് വകുപ്പുകളിലെ ജീവനക്കാരെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പരമാവധി ഉപയോഗിക്കുന്നുണ്ടെന്ന് കളക്ടർമാർ ഉറപ്പു വരുത്തണം. കോൺടാക്ട് ട്രേസിംഗ്, ക്വാറന്റൈൻ കാര്യങ്ങളിൽ ഊർജിതമായി ഇടപെടാൻ പൊലീസ് അധികൃതർക്കും മുഖ്യമന്ത്രി നിർദേശം നൽകി.
മന്ത്രിമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരൻ, എ.സി. മൊയ്തീൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
ഓണം വീടുകളിൽ മാത്രമാക്കണം,
കളത്തിൽ നാട്ടിലെ പൂവ് മതി
തിരുവനന്തപുരം : ഓണാഘോഷം വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കൾ രോഗവ്യാപന സാദ്ധ്യത വർദ്ധിപ്പിക്കും. പൂക്കളമൊരുക്കാൻ അതത് പ്രദേശത്തെ പൂക്കൾ ഉപയോഗിക്കണം. സംസ്ഥാനാതിർത്തിയിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാക്കി ജാഗ്രത പാലിക്കണം. ഓണാഘോഷത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്കിനിടയിലും കടകളിൽ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പൊതുസ്ഥലങ്ങളിൽ ആഘോഷം അനുവദിക്കരുത്. കൂടുതൽ വോളന്റിയർമാരെ ഉപയോഗിക്കാനാകണം.