pamp

കൊല്ലം: ഉത്ര വധക്കേസിന്റെ വിചാരണ നടപടികൾ വേഗത്തിലാക്കാൻ അന്വേഷണ സംഘവും പ്രോസിക്യൂഷനും നടപടി തുടങ്ങി. 14ന് പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകൻ കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രവും കേസുമായി ബന്ധപ്പെട്ട രേഖകളും വൈകാതെ വിചാരണ നടക്കുന്ന ജില്ലാ കോടതിയിലെത്തും.രേഖകൾ വിചാരണ കോടതിയിലെത്തിയാലുടൻ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജി നൽകും. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ജി.മോഹൻരാജിനെ സർക്കാർ നിയമിച്ചിരുന്നു. കുറ്റപത്രത്തിൽ ഉത്രയുടെ ഭർത്താവ് സൂരജ് മാത്രമാണ് പ്രതി. സൂരജിനെതിരെ കൊലപാതകവും കൊലപാതക ശ്രമവുമാണ് ചുമത്തിയത്. സൂരജിന്റെ സ്വാഭാവിക ജാമ്യം തടയുന്നതിനായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച അന്വേഷണ സഘം വിചാരണ നടപടികൾ വേഗത്തിലാക്കി പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. ക്രൈംബ്രാഞ്ച് സംഘത്തിന് പൊലീസിന്റെ അവാർഡിനായി ശുപാർശ ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി എസ്.ഹരിശങ്കർ അറിയിച്ചിരുന്നു. ഉത്ര നേരിട്ട ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട രണ്ടാം കുറ്റപത്രവും വൈകാതെ അന്വേഷണ സംഘം പുനലൂർ കോടതിയിൽ സമർപ്പിക്കും. ഗാ‌ർഹിക പീഡനവുമായി ബന്ധപ്പെട്ട കേസിൽ സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

മേയ് 7ന് പുലർച്ചെ ഉത്രയുടെ കുടുംബ വീട്ടിൽവച്ച് സൂരജ് പാമ്പിനെ കൊണ്ട് കൊത്തിച്ചാണ് കൊല നടത്തിയത്. ഉത്രയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം 24ന് സൂരജിനെയും പാമ്പിനെ കൈമാറിയ ചാവരുകാവ് സുരേഷിനെയും അറസ്റ്റ് ചെയ്തു. സുരേഷിനെ പിന്നീട് കേസിൽ മാപ്പ് സാക്ഷിയാക്കി. ദൃക്സാക്ഷികൾ ഇല്ലാത്ത അപൂർവങ്ങളിൽ അപൂർവമായ കേസിൽ ശാസ്ത്രീയ തെളിവുകൾ, സാഹചര്യ തെളിവുകൾ എന്നിവയാണ് അന്വേഷണ സംഘം പരിഗണിച്ചത്. മുമ്പ് കൊല്ലം പേരൂർ രഞ്ജിത്ത് ജോൺസൺ വധക്കേസിലും സമാന തരത്തിൽ അതിവേഗം കുറ്റപത്രം സമർപ്പിച്ച് വിചാരണ പൂർത്തീകരിച്ചിട്ടുണ്ട്.

''

വേഗത്തിൽ വിചാരണ കൂടി പൂർത്തീകരിക്കാനാണ് ശ്രമം. അതിനുള്ള ഇടപെടലുകൾ നടത്തുന്നുണ്ട്.

എ.അശോകൻ, ഡിവൈ.എസ്.പി

റൂറൽ ക്രൈം ബ്രാഞ്ച്