തിരുവനന്തപുരം: ചില്ലറ വില്പനയ്ക്കായി എത്തിച്ച 8 കിലോ കഞ്ചാവുമായി ഒരാളെ പൂന്തുറ പൊലീസ് പിടികൂടി. പുതുക്കാടിന് സമീപം പിക്കപ്പ് വാനിൽ പച്ചക്കറിയോടൊപ്പം ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച ആലപ്പുഴ കായംകുളം പെരുങ്ങാല സ്വദേശി അറഫയാണ് (29) ഇന്നലെ പിടിയിലായത്. പൂന്തുറ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന. തമിഴ്‌നാട്ടിൽ നിന്നെത്തിക്കുന്ന കഞ്ചാവ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ ചില്ലറ വില്പനക്കാർക്കാണ് ഇയാൾ വിറ്റിരുന്നത്. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഐശ്വര്യ ദോംഗ്രെയുടെ നേതൃത്വത്തിൽ പൂന്തുറ എസ്.എച്ച്.ഒ സജികുമാർ ബി.എസ്, എസ്.ഐമാരായ ബിനു. ആർ, അനൂപ് ചന്ദ്രൻ, എ.എസ്.ഐമാരായ ശിവകുമാർ, സുധിർ, ഹരിലാൽ, സി.പി.ഒമാരായ മനു, രാജേഷ്, പാട്രിക്ക്, ഷാർബി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.