തലശേരി: പാനൂർ സെൻട്രൽ പൊയിലൂർ മഠം ജംഗ്ഷനിലെ കോൺഗ്രസ് പ്രവർത്തകൻ കെ.പി. പവിത്രന്റെ വീടിനു നേരെ ആക്രമണം. ഇന്നലെ പുലർച്ചെ ഒരു മണിക്കുണ്ടായ കല്ലേറിൽ ജനൽച്ചില്ലുകൾ തകർന്നു. ശബ്ദം കേട്ട് ആളുകൾ വരുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൊളവല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
അക്രമത്തിനു പിന്നിൽ രാഷ്ട്രീയ വിദ്വേഷമാണെന്ന് സ്ഥലം സന്ദർശിച്ച ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി.സാജു പ്രസ്താവിച്ചു. പ്രദേശത്തെ കോൺഗ്രസിന്റെ കൊടികൾ നിരന്തരം നശിപ്പിക്കാറുണ്ട്. സാമൂഹ്യവിരുദ്ധരായ ആളുകളുടെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പൊലീസ് ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സാജു ആവശ്യപ്പെട്ടു.