words-

കോവളം: വിഴിഞ്ഞത്തെ ക്രൂചെയ്ഞ്ചിംഗിന് വേഗത കൂട്ടാൻ മുംബയിൽ നിന്നും എൻ.പി സോഹ ത്രീ ടഗ് വിഴിഞ്ഞം തീരത്തെത്തി. നിലവിൽ നീണ്ടകരയിൽ നിന്നെത്തിച്ച മത്സ്യബന്ധന ബോട്ടുകളെയാണ് ക്രൂചെയ്ഞ്ചിംഗിനായി ഉപയോഗപ്പെടുത്തിയിരുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാൽ പുറം കടലിൽ ബോട്ടുപയോഗിച്ചുള്ള ക്രൂചെയ്ഞ്ചിംഗ് പ്രതിസന്ധി നേരിട്ടിരുന്നു. തുടർന്നാണ് ഏജൻസികൾ ടഗ് വാടകയ്‌ക്കെടുത്തത്. 1994ൽ സെറി മൊഡാൽവാൻ എസ്.ഡി.എൻ.ബി.എച്ച്.ഡി എന്ന മലേഷ്യൻ കമ്പനിയാണ് എൻ.പി. സോഹ ത്രീ ടഗ് നിർമ്മിച്ചത്. ടഗിലുള്ള പത്ത് ജീവനക്കാർക്കും ആരോഗ്യവകുപ്പ് കൊവിഡ് ടെസ്റ്റ് നടത്തും. ടഗിന്റെ പരിശോധനാ നടപടികൾ പൂർത്തിയാക്കിയ ശേഷം പോർട്ട് അധികൃതർ വിഴിഞ്ഞം ലീവേർഡ് വാർഫിൽ നങ്കൂരമിടുന്നതിന് അവസരമൊരുക്കും. ഇതിലൂടെ വാടകയിനത്തിലുള്ള വരുമാനവും തുറമുഖ വകുപ്പിന് ലഭിക്കും. വലിയതുറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോവിംഗ്സ് എന്ന ഏജൻസിയാണ് ടഗ് വിഴിഞ്ഞത്തെത്തിച്ചത്.