tps

തിരുവനന്തപുരം: സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണെങ്കിലും പൊതുവിജ്ഞാനത്തിലും ആശയ വിനിമയത്തിലും ഇംഗ്ലീഷ് പ്രാവീണ്യത്തിലും കേരളത്തിലെ കുട്ടികൾ ഇപ്പോഴും പിന്നിലാണെന്നും, അതിനാലാണ് സിവിൽ സർവീസ് പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടുന്ന പലരും ഇന്റർവ്യൂവിൽ പരാജയപ്പെടുന്നതെന്നും വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോ. ടി.പി.സേതുമാധവൻ പറഞ്ഞു.

.കേന്ദ്ര സർക്കാർ ജോലികൾക്ക് പൊതുയോഗ്യതാ പരീക്ഷ നടത്താനുള്ള തീരുമാനം പരീക്ഷകളിൽ ഏകീകൃത സ്വഭാവമുണ്ടാക്കുകയും താമസമില്ലാതെ ഒഴിവുകൾ നികത്തപ്പെടുകയും ചെയ്യുമെന്ന നിലയിൽ നല്ലതാണെങ്കിലും, കേരളത്തിലെ ഉദ്യോഗാർത്ഥികളെ അതെങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതാണ്.നമ്മുടെ കുട്ടികൾക്ക് അനാലിറ്റിക്കൽ സ്‌കിൽ, ന്യൂമറിക്കൽ എബിലിറ്റി എന്നിവയിലും പഠനത്തോടൊപ്പം പ്രത്യേക ശ്രദ്ധ നൽകണം.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള കോളേജ് വിദ്യാർത്ഥികളിൽ പത്തു ശതമാനം പേർക്ക് മാത്രമാണ് പത്രവായന ശീലമുള്ളത്. രാജ്യത്തെ മറ്റ് കുട്ടികളുമായി മത്സരിക്കുമ്പോൾ നമ്മുടെ കുട്ടികൾ പിന്നിലായിപ്പോകുന്നതിന് കാരണം ഇതാണ്. ബാങ്കിംഗ് പരീക്ഷയിൽ വിജയിക്കുന്ന പത്ത് കുട്ടികൾ ഇന്റർവ്യൂവിൽ പങ്കെടുത്താൽ അതിലൊരാൾ മാത്രമാണ് റാങ്ക് പട്ടികയിൽ ഇടംപിടിക്കുന്നത്. പരന്ന വായനയും ഗഹനമായ ചിന്തകളും ഇല്ലാതെവന്നാൽ പിന്നിലാവും.

നോൺ ഗസറ്റഡ് പോസ്റ്റുകളിലേക്കും, റെയിൽവേ, ബാങ്കിംഗ് സെക്ടറുകളിലേക്കും പൊതുപരീക്ഷകൾക്കായി ദേശീയ റിക്രൂട്ടിംഗ് ഏജൻസി രൂപീകരിക്കുകയാണ്. സംസ്ഥാനത്ത് പി.എസ്.സി പൊതു പരീക്ഷയ്‌ക്ക് ശേഷം വീണ്ടും പരീക്ഷ നടത്തുന്നതോടെ ഉദ്യോഗാർത്ഥികൾ കൂടുതൽ പരീക്ഷണങ്ങൾക്ക് വിധേയരാവുമെന്ന ആരോപണവുമുണ്ട്.
. പൊതുപരീക്ഷകൾക്ക് ഏകീകൃത സ്വഭാവവും ദേശീയ നിലവാരവും ഉണ്ടാകുന്നതോടെ ദേശീയ നിലവാരത്തിലുള്ള കോച്ചിംഗ് സ്ഥാപനങ്ങളുടെ ഫ്രാഞ്ചൈസികൾ കൂടുതലായി വരാം. സംസ്ഥാനത്തെ കോച്ചിംഗ് സ്ഥാപനങ്ങൾ പുതിയ സിലബസും രീതികളുമനുസരിച്ച് മാറേണ്ടിവരും.