തിരുവനന്തപുരം: കൊവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി 300 കിടക്കകളോടെ തിരുവനന്തപുരം ജനറൽ ആശുപത്രി പൂർണമായും കൊവിഡ് ആശുപത്രിയാക്കി മാറ്റിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്.ഷിനു അറിയിച്ചു. ആശുപത്രിയിലെ അത്യാഹിത വിഭാഗം,സ്‌പെഷ്യലിറ്റി,സൂപ്പർ സ്‌പെഷ്യലിറ്റി വിഭാഗങ്ങൾ പ്രവർത്തിക്കില്ല. ഒൻപതാം വാർഡും ഡയാലിസിസ് യൂണിറ്റും പതിവുപോലെ പ്രവർത്തിക്കും. അത്യാഹിത വിഭാഗം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലും ഫോർട്ട് താലൂക്കാശുപത്രിയിലും പ്രവർത്തിക്കും. ത്വക്കുരോഗം, ഇ.എൻ.ടി നേത്ര രോഗം,ഓർത്തോപീഡിക്, മെഡിസിൻ,ഡെന്റൽ, സർജറി വിഭാഗങ്ങളുടെ സേവനവും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ലഭിക്കും.മെഡിസിൻ,ഡെന്റൽ വിഭാഗങ്ങളുടെ സേവനങ്ങൾ ഫോർട്ട് താലൂക്കാശുപത്രിയിലും നേത്രരോഗ ചികിത്സാ സൗകര്യം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്താൽമോളജിയിലും (കണ്ണാശുപത്രി), മാനസികാരോഗ്യ വിഭാഗം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലും, ശ്വാസകോശ രോഗ ചികിത്സയ്ക്കു പുലയനാർകോട്ട നെഞ്ച് രോഗ ആശുപത്രിയിലും സൗകര്യമുണ്ട്. കാർഡിയോളോജി,നെഫ്രോളജി, ന്യൂറോളജി,ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുമുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.