തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തിക്ക് ഇത്തവണ നഗര ഗ്രാമ വീഥികളിൽ നയന മനോഹര ദൃശ്യമൊരുക്കുന്ന ശോഭായാ ത്രകളില്ല. പകരം ഓരോ വീടും അമ്പാടിയായി മാറും.
ശ്രീകൃഷ്ണ ജയന്തി ദിവസമായ സെപ്തംബർ പത്തിന് വീട്ടുമുറ്റങ്ങൾ വൃന്ദാവന മാതൃകയിൽ അലങ്കരിച്ച് കുട്ടികൾ കൃഷ്ണ, ഗോപിക വേഷങ്ങളും മുതിർന്നവർ കേരളീയ വേഷവും ധരിച്ച് ആഘോഷിക്കാനാണ് ബാലഗോകുലത്തിന്റെ തീരുമാനം. രാവിലെ മുറ്റത്ത് പൂക്കളമൊരുക്കും. .വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം എന്നതാണ് ഇത്തവണത്തെ ജന്മാഷ്ടമി സന്ദേശം. വൈകിട്ട് ജന്മാഷ്ടമി ദീപക്കാഴ്ചയൊരുക്കി മംഗള ശ്ലോകവും തുടർന്ന് പ്രസാദ വിതരണവും.
സെപ്തംബർ 6 ന് പതാകദിനത്തിൽ വീടുകളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും പതാക ഉയർത്തും.അന്ന് മുതൽ വീട്ടുമുറ്റത്ത് അലങ്കരിച്ച കൃഷ്ണകുടീരത്തിൽ സന്ധ്യാദീപം തെളിക്കും.
ഗോപൂജ, തുളസീവന്ദനം,ഭജനസന്ധ്യ,പാരായണം,ഗീതാവന്ദനം,വൃക്ഷപൂജ എന്നിവയും നടത്തും. സെപ്തംബർ 2 മുതൽ താലൂക്ക് കേന്ദ്രീകരിച്ച് കൃഷ്ണലീലാ കലോത്സവം,സാംസ്‌കാരിക സമ്മേളനം തുടങ്ങിയവ നവമാധ്യമങ്ങളിലൂടെ സംഘടിപ്പിക്കും.