തിരുവനന്തപുരം: അനാഥത്വത്തോടൊപ്പം അർബുദവും വേട്ടയാടിയിട്ടും തൊഴിൽ നൽകിയ കരുത്തിൽ പിടിച്ചുനിന്ന സിനിമാ-സീരിയൽ മേക്കപ്പ് ആർട്ടിസ്റ്ര് സിന്ദാദേവി (39) ഒടുവിൽ മരണത്തിന് കീഴടങ്ങി. വ്യക്തി ജീവിതത്തിലേറ്റ തിരിച്ചടികൾക്കൊപ്പം കാൻസറിനേയും നേരിട്ട സിന്ദ തന്നെ പോറ്റി വളർത്തിയ പൂജപ്പുര ഹിന്ദു മഹിളാ മന്ദിരത്തിലാണ് അന്തരിച്ചത്. ആരോരുമില്ലാത്ത സിന്ദയുടെ ചിതയ്ക്ക് ഫെഫ്ക മേക്കപ്പ് യൂണിയൻ സെക്രട്ടറി പ്രദീപ് രംഗൻ അഗ്നി പകർന്നു. ജ്യേഷ്ഠന്റെ സ്ഥാനത്തു നിന്നുള്ള കർമ്മങ്ങൾ സംവിധായകൻ ശാന്തിവിള ദിനേശും നിർവഹിച്ചു.
സിന്ദാ ദേവിയുടെ ആഗ്രഹവും അതായിരുന്നു. മരിക്കുമ്പോൾ വിവരം ഫെഫ്കയെ അറിയിക്കണം. മരണവിവരം അറിഞ്ഞ ശാന്തിവിള ദിനേശ് മഹിളാ മന്ദിരത്തിലെ സെക്രട്ടറി ശ്രീകുമാരിയെ വിളിച്ചു. വിവരങ്ങൾ മനസിലാക്കിയ ശേഷം പ്രദീപ് രംഗനെ വിളിച്ചറിയിച്ചു. റീത്തുമായി പ്രദീപ് രംഗനെത്തി. അന്ത്യകർമ്മങ്ങൾ ചെയ്യാൻ ബന്ധുക്കളില്ലാത്തതിനാൽ പ്രദീപും ദിനേശനും ചേർന്ന് കർമ്മങ്ങൾ ചെയ്തു. സാക്ഷിയാകാൻ മഹിളാമന്ദിരം പ്രസിഡന്റും പി. പദ്മരാജന്റെ ഭാര്യയുമായ രാധാലക്ഷ്മി ഉൾപ്പെടെ ഏതാനും പേരും.
നെടുമങ്ങാട് സ്വദേശിയായ സിന്ദാദേവിയെ അമ്മയാണ് മഹിളാമന്ദിരത്തിലേൽപ്പിക്കുന്നത്. അന്നു മുതൽ അവിടുത്തെ സെക്രട്ടറി ശ്രീകുമാരിയുടെ മകളായി വളർന്നു. മേക്കപ്പ് പഠിപ്പിക്കാനയച്ചതും ശ്രീകുമാരിയായിരുന്നു. കോഴിക്കോട് സ്വദേശിയെ വിവാഹം കഴിച്ചെങ്കിലും അയാൾ പിന്നീട് ഉപേക്ഷിച്ചു. ആ ബന്ധത്തിലുണ്ടായ മകൻ അച്ഛനൊപ്പമാണ്. കോഴിക്കോട്ടുനിന്ന് തിരിച്ചെത്തിയത് മുതൽ പൂജപ്പുരയിലായിരുന്നു.
മായാമോഹിനി ഉൾപ്പെടെയുള്ള സിനിമകളിൽ ജോലി ചെയ്തു. ഈയിടെ സീരിയൽ രംഗത്തു നിന്ന് ഒരാളെ വിവാഹം ചെയ്തതായി മഹിളാമന്ദിരം അന്തേവാസികൾ പറയുന്നു. എന്നാൽ അയാളും ഉപേക്ഷിച്ചു. ഫെഫ്ക യൂണിയനിലെ അംഗം അന്തരിച്ചാൽ അവകാശിക്ക് ഒരു ലക്ഷം രൂപ ലഭിക്കും. എന്നാൽ ബാങ്ക് അക്കൗണ്ടിലും ഫെഫ്ക രേഖകകളിലും സിന്ദ അവകാശിയുടെ പേര് എഴുതിയിട്ടില്ല. ആറടി മണ്ണ് പോലും അവകാശപ്പെടാതെയാണ് സിന്ദ യാത്രയായത്.