thilothaman

മന്ത്രി പി.തിലോത്തമനുമായി അഭിമുഖം

ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം കൂടി വരികയാണ്. ഈ ദുരവസ്ഥ എത്രനാൾ നീണ്ടാലും ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പു നൽകുകയാണ് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ. ഓണക്കാലം പ്രമാണിച്ച് വീണ്ടും എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടക്കുകയാണ്.

''കൊവിഡ് വ്യാപിക്കുകയും കണ്ടെയിൻമെന്റ് സോണുകൾ കൂടുതൽ രൂപപ്പെടുകയും ചെയ്തപ്പോൾ സാധാരണക്കാരിൽ പലരും ജോലിയില്ലാതെ വീട്ടിൽ കഴിയേണ്ട അവസ്ഥ. പഴയ ലോക്ക് ഡൗൺ കാലത്തെക്കാൾ കൂടുതൽ പ്രയാസങ്ങൾ നേരിടുമ്പോഴാണ് ഓണം കൂടി വരുന്നത്. അന്നത്തിനു ബുദ്ധിമുട്ടുണ്ടാകാതെ ഉള്ളതുപോലെ ഓണം ആഘോഷിക്കണം എന്ന് പറയാൻ കഴിയില്ല. അടിയന്തര സഹായം നൽകാൻ സർക്കാർ ചർച്ച ചെയ്തതിനെ തുടർന്നാണ് ഭക്ഷ്യക്കിറ്റ് നൽകാൻ തീരുമാനിച്ചത്.

സംസ്ഥാന സർക്കാരിനു പുറമെ,​ പ്രധാനമന്ത്രിയുടെ പദ്ധതിയിലുൾപ്പെടുത്തി ആളൊന്നിന് അഞ്ച് കിലോഗ്രാം ധാന്യം സൗജന്യമായി നൽകുന്നുണ്ട്. ഇതിനായി എഫ്.സി.ഐയിൽ നിന്നെടുക്കുന്ന ധാന്യത്തിന്റെ ലോഡിംഗ് ചാർജുൾപ്പെടെ സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. പുറമേയാണ് മുൻഗണനേതര വിഭാഗത്തിന് ഒരു കാർഡിന് പത്ത് കിലോഗ്രാം അരി, കൂടിയ വിലയ്ക്ക് വാങ്ങി 15 രൂപയ്ക്ക് നൽകാൻ തീരുമാനിക്കുന്നതും. അതും തുടർച്ചയായി നൽകുകയാണ്.

ഓണക്കിറ്റിൽ 500 രൂപയുടെ സാധനങ്ങൾ ഇല്ലെന്നും ശർക്കരയിൽ തൂക്കകുറവ് ഉണ്ടെന്നുമുള്ള വിജിലൻസിന്റെ റിപ്പോർട്ട് ശ്രദ്ധയിൽപെട്ടിരുന്നോ?​

വിജിലൻസ് എന്ത് കണ്ടെത്തിയെന്ന റിപ്പോർട്ട് സർക്കാരിന് തന്നിട്ടില്ല. ഭക്ഷ്യക്കിറ്റ് ഓണത്തിനു മുമ്പായി ജനങ്ങൾക്ക് എത്തിക്കുക എന്നതാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. 500 രൂപയുടെ കിറ്റ് നൽകുമെന്ന് സർക്കാർ തീരുമാനമെടുത്തിട്ടില്ല. 11 ഇനം സാധനങ്ങളാണ് കൊടുക്കുന്നത്. ആ സാധനങ്ങൾ എത്തിക്കുമ്പോൾ എന്തു ചെലവാകുമെന്ന കണക്ക് ഇതു കഴിയുമ്പോൾ നൽകും. സഞ്ചി വരെ ഇ- ടെൻഡറിലൂടെയാണ് വാങ്ങിയത്. ഇല്ലെങ്കിൽ അഴിമതിയാണെന്ന ആരോപണം ഉണ്ടാകുമായിരുന്നു.

ഇത്രത്തോളം ശ‍ർക്കര ഒരുമിച്ച് ഇതിനു മുമ്പ് സപ്ളൈകോ വാങ്ങിയിരുന്നില്ല. ശർക്കര ഒഴിവാക്കണമെന്ന നിർദേശവും വന്നിരുന്നു. ഓണപ്പായസത്തിനു വേണ്ടിയാണ് ശർക്കര ഉൾപ്പെടുത്തിയത്. ശ‌ർക്കര ഓരോ പായ്ക്കറ്റും തൂക്കി നോക്കണമെന്ന് ഞാൻ നി‌ർദേശം നൽകിയിരുന്നു. അങ്ങനെ നോക്കിയപ്പോഴാണ് ചിലതിൽ കുറവ് കണ്ടെത്തിയത്. ചിലതിൽ ഒരു കിലോഗ്രാമിൽ കൂടുതലും ഉണ്ടായിരുന്നു. പരമാവധി 50 ഗ്രാം കുറവാണ് കണ്ടെത്തിയത്. കുറവുള്ള പായ്ക്കറ്റുകൾ റീ പാക്ക് ചെയ്യാൻ പറഞ്ഞു. വിജിലൻസ് പാക്കിംഗ് സെന്ററുകളിൽ പരിശോധിച്ചെന്നാണറിഞ്ഞത്. 18 പായ്ക്കറ്റുള്ള പെട്ടിയായിട്ടാണ് ശർക്കര എത്തുന്നത് . മുഴുവനായി നോക്കുമ്പോൾ തൂക്കം കൃത്യമായിരിക്കും. ഓരോന്നും പ്രത്യേകം തൂക്കുമ്പോഴാണ് ചിലതിൽ കുറവും കൂടുതലും ഉണ്ടാകുന്നത്. റീ പായ്ക്ക് ചെയ്യാൻ വച്ചിരിക്കുന്നവ എടുത്തു നോക്കിയിട്ട് കുറവ് എന്ന് റിപ്പോർട്ടു ചെയ്യുന്നത് ശരിയല്ല.

കഴിഞ്ഞ തവണ 17 ഇനമാണ് കൊടുത്തത്. അപ്പോഴും ആയിരം രൂപയുടെ സാധനമില്ല എന്ന് ചിലർ വിമർശിച്ചു. റേഷൻകടകളിൽ നിന്നും വിതരണം ചെയ്ത കിറ്റിൽ ചില സാധനങ്ങളുടെ കുറവ് കണ്ടെത്തിയത് അപ്പോൾത്തന്നെ പരിഹരിക്കുന്നുണ്ട്.

സപ്ലൈകോയ്ക്ക് ചെലവായ തുകയും കൈകാര്യ ചെലവും മാത്രമേ സർക്കാരിൽ നിന്നും വാങ്ങുകയുള്ളൂ.

വിവാദങ്ങൾ ആരെങ്കിലും ബോധപൂർവം ഉണ്ടാക്കുന്നതാണോ?​

ഈ സർക്കാരിന്റെ അവസാന വർഷമല്ലേ,​ അപ്പോൾ തൊട്ടതിനു പിടിച്ചതിനുമൊക്കെ കുറ്രം പറയും. ഇന്നലെ പി.ടി.തോമസ് എം.എൽ.എ ഒരു ആക്ഷേപം ഉന്നയിക്കുന്നതായി ടി.വിയിൽ കണ്ടു. കഴിഞ്ഞ നിയമസഭയിൽ ഉന്നയിച്ച വിഷയമാണ്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. നെല്ല് സംഭരിച്ച് അരിയാക്കുമ്പോൾ 100 കിലോ നെല്ലിന് 68 കിലോഗ്രാം അരി കിട്ടണമെന്നാണ് കേന്ദ്രവ്യവസ്ഥ. കേരളത്തിലെ ഈർപ്പമുള്ള അന്തരീക്ഷത്തിൽ നെല്ല് സംസ്‌കരിക്കുമ്പോൾ അത്രയും അരി കിട്ടില്ലെന്ന് ബോദ്ധ്യമായതിന്റെ അടിസ്ഥാനത്തിനാലാണ് 64.5 കിലോഗ്രാം അരിയായി നിശ്ചയിച്ചത്. ഒരു വിദഗ്ധ കമ്മിറ്റിയുടെ തീരുമാന പ്രകാരമായിരുന്നു അത്. പി.ടി.തോമസിനോട് നിയമസഭയിൽ തന്നെ വിശദീകരിച്ചതാണ്. ഈ അധിക ബാദ്ധ്യത സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.

ഓണച്ചന്തകൾ ഇത്തവണയും ആരംഭിച്ചപ്പോൾ പ്രതികരണം എങ്ങനെ?​


കൊവിഡ് സാഹചര്യമാണെങ്കിലും മുഖ്യമന്ത്രി പറഞ്ഞത് ഓണച്ചന്തകൾ നടത്താനാണ്. ജില്ലാ കേന്ദ്രങ്ങളിൽ മാത്രമാണ് ഓണച്ചന്തകൾ നടത്തുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഗസ്റ്റ് 30 വരെയാകും ഓണച്ചന്തകൾ പ്രവർത്തിക്കുക. കേരളത്തിൽ സപ്ളൈകോയുടെ 1600 ഔട്ട് ലെറ്റുകൾ ഓണച്ചന്തകളായി പ്രവർത്തിക്കും. ഓണച്ചന്തകളിൽ ഗൃഹോപകരണങ്ങൾ കൂടി വിൽക്കും. നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പ്രതികൂല സാഹചര്യത്തിലും സർക്കാർ വിപണിയിൽ ഇടപെടുകയാണ്.

സംസ്ഥാനം പ്രതീക്ഷിച്ച കേന്ദ്രസഹായം ലഭിച്ചിരുന്നോ?​

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കൂടുതൽ അരിവിഹിതം ചോദിച്ചിരുന്നു. മുൻഗണനേതര വിഭാഗത്തിനു കൂടി എൻ.എഫ്.എസ്.എ നിരക്കിലോ എഫ്.സി.ഐ നിരക്കിലോ അരി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷെ,​ അത് ലഭിച്ചില്ല. അങ്ങനെ ലഭിച്ചിരുന്നെങ്കിൽ കുറച്ചു കൂടി സൗജന്യം നൽകാമായിരുന്നു.

കൊവിഡ് വ്യാപനം വൻതോതിൽ കൂടിയാൽ ഇതേ നിലയിൽ സഹായം തുടരുമോ?​

ആഗസ്റ്റ് അവസാനവും സെപ്തംബറിലും രോഗവ്യാപനം കൂടുതലായിരിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതേ അവസ്ഥ തുടരുകയാണെങ്കിൽ സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിൽ ജനഹിതമനുസരിച്ചുള്ള തീരുമാനം സർക്കാർ കൈക്കൊള്ളും. നവംബർ വരെ കേന്ദ്രത്തിന്റെ സൗജന്യ അരി വിതരണം തുടരും. നവംബറോടെ രോഗവ്യാപനം കുറയുമെന്ന കണക്കുകൂട്ടലാണ് കേന്ദ്രത്തിനും ഉള്ളത്.

റേഷൻ കടകളുടെ വൈവിധ്യവത്കരണം പദ്ധതി എന്തായി?​

അത് ഇടയ്ക്ക് നിന്നു പോയി. കൊവിഡ് കാരണമാണത്. ഇപ്പോൾ തന്നെ വലിയ ഉത്തരവാദിത്വമാണ് നിർവഹിക്കുന്നത്. ഇരട്ടിയലധികം അരി റേഷൻകടകൾ വഴി വിതരണം ചെയ്യുന്നു. സപ്ളൈകോ വഴി കിറ്റുകൾ വിതരണം ചെയ്യുന്നു. മറ്റ് സാമൂഹ്യ ബാദ്ധ്യതകൾ ഏറ്റെടുക്കുന്നു. സർക്കാർ പറയുന്ന എല്ലാ സേവനങ്ങളും പരിമിതമായ ജീവനക്കാരെ കൊണ്ടാണ് ചെയ്യിക്കുകയാണ്.

ആരോഗ്യവകുപ്പും പൊലീസും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് സിവിൽ സപ്ളൈസ് ജീവനക്കാരാണ്. രാവും പകലുമില്ലാതെ ജോലി ചെയ്യുകയാണവർ.

നിറുത്തി വച്ച പദ്ധതികൾ പുനരാരംഭിക്കാൻ കൊവിഡ് കഴിയുന്നതുവരെ കാത്തു നിൽക്കുന്നില്ല,​ ഓണം കഴിഞ്ഞാലുടൻ നടപടികളുമായി മുന്നോട്ടു പോകും.