തിരുവനന്തപുരം: പ്രതിഷേധങ്ങളെയും പത്രവാർത്തയെയും തുടർന്ന് അനുവദിച്ച ശമ്പളവും ലഭിക്കാതെ വന്നതോടെ ജൂനിയർ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ചത് ഫലംകണ്ടു. ജൂനിയർ ഡോക്ടർമാരുടെ തസ്തിക നിശ്ചയിച്ചും ശമ്പളം നൽകാൻ നിർദേശിച്ചും സർക്കാർ ഉത്തരവിറക്കി. മെഡിക്കൽ ഓഫീസർ (ടെമ്പററി) തസ്തികയിൽ ഇവരെ സ്പാർക്കിൽ ഉൾപ്പെടുത്തും. ഇതിന്റെ രജിസ്‌ട്രേഷൻ ഇന്ന് വൈകിട്ടോടെ പൂർത്തിയാകുമെന്നും ശമ്പള വിതരണം നാളെ ആരംഭിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
1100 ഡോക്ടർമാരുടെ പേരുകളാണ് രജിസ്റ്റർ ചെയ്യാനുള്ളത്. കഴിഞ്ഞ മേയ് മുതൽ ഇവർ ജേലി ചെയ്തിരുന്നെങ്കിലും തസ്‌തിക നിശ്ചയിക്കാത്തതിനാൽ ശമ്പളം നൽകിയിരുന്നില്ല. ഇതിന് പിന്നാലെ ഡോക്ടമാർ പി.പി.ഇ കിറ്റണിഞ്ഞു പ്രതിഷേധിച്ചു. ഇതു സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയാവുകയും കേരളകൗമുദി വാർത്തയാക്കുകയും ചെയ്തതോടെ 42,000 രൂപ ശമ്പളം നൽകാമെന്ന് സർക്കാർ ഒരാഴ്ച മുമ്പ് അറിയിച്ചു. എന്നിട്ടും ലഭിക്കാതെ വന്നതോടെയാണ് ഇന്നലെ ഇവർ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.