എത്രയോ തവണ നമ്മളെ കുത്തിനോവിച്ചിട്ടുള്ളവനാണ് കൊതുക്. രൂപത്തിൽ ചെറിയവനാണെങ്കിലും ആള് നിസാരനല്ല. ഭീകരനാണ്. കാരണം ഒരൊറ്റ കുത്തുകൊണ്ട് അവൻ എത്രപേരെ വക വരുത്തിയിരിക്കുന്നു. എന്നാൽ അനുകൂലമായ സാഹചര്യത്തിൽ മാത്രമേ കൊതുകിന് സാധിക്കൂ. പ്രതികൂലമായ അവസ്ഥയുണ്ടാക്കി കൊതുകിനെ നിസാരവത്‌കരിക്കാൻ മനുഷ്യനും സാധിക്കും.
മന്തും മലമ്പനിയും മാത്രമുണ്ടാക്കിയിരുന്ന കൊതുക്, ചിക്കുൻ ഗുനിയയും ഡെങ്കിപ്പനിയും ഉണ്ടാക്കി മനുഷ്യരെ വിരട്ടാൻതുടങ്ങിയത് ഈ അടുത്തകാലത്താണ്. സാധാരണഗതിയിൽ ഇവ രണ്ടും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ല.
രോഗിയെ കടിക്കുന്ന കൊതുകാണ് മറ്റൊരാളുടെ ദേഹത്ത് രോഗത്തിന് കാരണമായ വൈറസ് കുത്തിവയ്ക്കുന്നത്. കൊതുക് കടി ഏല്ക്കാതിരുന്നാലും, കൊതുക് കടിച്ചാലും രോഗപ്രതിരോധശേഷിയുണ്ടെങ്കിലും രോഗം പകരില്ല.
കാലാവസ്ഥാവ്യതിയാനം, കൊതുകുകളുടെ എണ്ണത്തിലെ വർദ്ധ എന്നിവയും രോഗമുണ്ടാകാൻ കാരണമാണ്.
പെൺകൊതുകുകൾക്ക് മാത്രമേ മനുഷ്യനെ കടിച്ച് രോഗം പടർത്താൻ കഴിയൂ.
ആൺകൊതുകുകൾക്ക് മനുഷ്യന്റെ ചോരയിൽ പ്രത്യേക കമ്പമില്ല.
ചിക്കുൻഗുനിയ കാരണമുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ആയുർവേദത്തിൽ ഫലവത്തായ ചികിത്സയുണ്ട്. വളരെപ്പെട്ടെന്ന് വേദനയിൽ നിന്ന് ആശ്വാസം കിട്ടാൻ അലോപ്പതി ഗുണം ചെയ്യും. എന്നാൽ, ദീർഘകാലം മരുന്നുപയോഗിക്കേണ്ട രോഗങ്ങളിൽ അത് സുരക്ഷിതമല്ല. മരുന്ന് തന്നെ രോഗകാരണമായി മാറുകയും ചെയ്യാം.
ഡെങ്കിപ്പനി മാരകരാേഗമല്ല. എന്നാൽ മാരകമായ അവസ്ഥയിലേക്ക് അത് മാറാറുണ്ട്. പ്ളേറ്റ്‌ലെറ്റ് കൗണ്ട് വളരെ കുറയുമ്പോൾ മാത്രം.
ശ്രദ്ധയോടെ ചികിത്സയ്ക്കു വിധേയരാകുന്നവർക്ക് പ്ളേറ്റ്‌ലെറ്റ് കൗണ്ട് മാരകമായ അളവിൽ കുറയുകയില്ല. സ്വയംചികിത്സയും അമിതമായ മരുന്നും വിശ്രമക്കുറവും പ്ളേറ്റ്‌ലെറ്റിന്റെ അളവ് കുറയ്ക്കാം. വൈറൽപ്പനിയിൽ കുറേയൊക്കെ സ്വാഭാവികമായ കുറവ് പ്ളേറ്റ്‌ലെറ്റിനുണ്ടാകും. അതിന് ഇത്രത്തോളം പേടിക്കേണ്ടതില്ല. ചികിത്സിക്കുന്ന ഡോക്ടർക്കും, ഉപയോഗിക്കുന്ന മരുന്നിനും ആവശ്യത്തിന് സമയം കൊടുക്കാതെ ഒരാശുപത്രിയിൽ നിന്ന് മറ്റൊന്നിലേക്ക് ധൃതിപിടിച്ച് ഓടേണ്ടതുമില്ല.
തിരി ഒഴിവാക്കാം,
ബാറ്റ് ഉപയോഗിക്കാം
കൊതുക് കടിച്ചാലല്ലേ ആരോഗ്യ പ്രശ്നമാകുകയുള്ളൂ. അപ്പോൾ കൊതുക് കടി ഏൽക്കാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കാമെന്ന് നോക്കാം..
പകൽ സമയം ഫുൾകൈ ഷർട്ടോ പർദയോ അതുപോലെ ശരീരം മറയ്ക്കുന്നവയോ ധരിക്കാൻ ശ്രദ്ധിക്കണം. അങ്ങനെ പരമാവധി കൊതുക് കടിയിൽ നിന്ന് രക്ഷനേടാം. രാത്രി കടിക്കുന്ന കൊതുകുകളിലൂടെ ഡെങ്കിപ്പനിയോ ചിക്കുൻ ഗുനിയോ ഉണ്ടാകില്ല. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൾബോപിക്റ്റസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പകൽസമയത്ത് കടിക്കുന്നവയുമാണ്.
കൊതുകുവല ഉപയോഗിക്കാം. എന്നാൽ പനിയുള്ളവൻ കൊതുകുവല ഉപയോഗിച്ചാൽ മറ്റുള്ളവർക്ക് സുരക്ഷിതമായി ജീവിക്കാം. കാരണം അവനെ കടിക്കുന്ന കൊതുക് നമ്മളെ കടിച്ചാലല്ലേ കുഴപ്പമുള്ളൂ.
ഒരാഴ്ചയിൽ കൂടുതൽ കെട്ടിനിൽക്കുന്ന വെള്ളം കൊതുകിനെ വളർത്തും. പ്രത്യേകിച്ചും ശുദ്ധജലം. ടെറസിൽ, പ്ളാസ്റ്റിക് കപ്പുകളിലും പാത്രങ്ങളിലും, കരിക്കിൻ തൊണ്ട്, പാടം, റോഡ്, ടയർ ഇവയിലെല്ലാം വെള്ളം കെട്ടാതെ നോക്കണം. എന്നാൽ കൊതുകിന് മുട്ടയിടാനും പെരുകാനും വാഴക്കൈയുടെയും പൈനാപ്പിളിന്റെ ഇലയുടെയും മടക്കുകളിൽ കെട്ടിനിൽക്കുന്ന അത്രേം വെള്ളം തന്നെ ധാരാളമാണ്. എവിടെ ഒഴുകാത്ത വെള്ളമുണ്ടോ അവിടെ കൊതുക് വളരും.
കൊതുക് ബാറ്റ് ഉപയോഗിക്കാം. കൊതുക് തിരി ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും, ശ്വാസരോഗമുള്ളവർക്ക് ഹാനികരമെന്ന് റിപ്പോർട്ടുണ്ട്.
പുൽതൈലം, യൂക്കാലിപ്റ്റസ് ഓയിൽ, കർപ്പൂര തൈലം തുടങ്ങിയവ കൊതുക് വന്നിരിക്കാൻ സാദ്ധ്യതയുള്ള പ്രതലങ്ങളിൽ തുടച്ച് അവയെ അകറ്റി നിറുത്താം.
പുകയ്ക്കുന്നതിലൂടെ കൊതുകിന്റെ സാന്ദ്രത കുറയ്ക്കാം. അതിനായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നിന്നും സൗജന്യമായി ധൂപചൂർണം ലഭിക്കും. ഒരു വീട്ടിൽ നിന്ന് പുകച്ച് അടുത്ത വീട്ടിലേക്കല്ല കൊതുകിനെ തുരത്തേണ്ടത്. ജനവാസം കൂടുതലുള്ള പ്രദേശങ്ങളിൽ ഒരുമിച്ച് പുകച്ച് ജനവാസം കുറഞ്ഞ ഭാഗത്തേക്ക് കൊതുകിനെ ഓടിക്കുകയാണു വേണ്ടത്.
ലാർവകളെ നശിപ്പിക്കുക. ചെറിയ പാത്രത്തിൽ ബോധപൂർവം ജലം സംഭരിച്ച് വച്ചശേഷം കൊതുക് മുട്ടയിട്ട് ലാർവയായിരിക്കുമ്പോൾ തന്നെ (വെള്ളം വച്ച് 5 ദിവസത്തിനുള്ളിൽ) അത് ചൂടുള്ള തറയിലോ മറ്റോ ചോർത്തിക്കളയുക.
മൂന്നോ നാലോ ദിവസം മാത്രം ജീവിച്ചിരുന്ന കൊതുകുകൾ പലവിധ മ്യൂട്ടേഷന് വിധേയമായി മൂന്നോ നാലോ മാസം വരെ ജീവിച്ചിരിക്കുന്നതായി ശാസ്ത്രവേദികളിൽ ചർച്ചചെയ്യപ്പെടുന്നു. ആയതിനാൽ കൊതുകിനോടുള്ള കളി സൂക്ഷിച്ചുവേണം. അതായത് കൊതുക് നശീകരണമാർഗങ്ങൾ പുതിയത് പലതും ഭാവിയിൽ തേടേണ്ടിവരുമെന്ന് ചുരുക്കം.