dddd
തറിയൊച്ച നിലച്ച മഞ്ചവിളാകത്തെ കൈത്തറി കേന്ദ്രങ്ങൾ

നെയ്യാറ്റിൻകര: ദിവസങ്ങളോളം നീണ്ടു നിന്ന ലോക്ക് ഡൗണും കൊവിഡ് നിയന്ത്രണങ്ങളും ഓണാഘോഷങ്ങൾ പരിമിതപ്പെടുത്തിയതും കാരണം ജീവിതത്തിന്റെ താളം തെറ്റിയ അവസ്ഥയിൽ കൈത്തറി തൊഴിലാളികൾ. ഓണത്തിനും വിവാഹ ആവശ്യങ്ങൾക്കും പുടവ നെയ്ത് നിത്യജീവിതം പുലർത്താനായി കാത്തിരുന്ന കൈത്തറി തൊഴിലാളികൾ വരുമാനം നിലച്ച് ദുരിതത്തിലായിരിക്കുന്നത്. നെയ്യാറ്റിൻകരയിൽ കാർഷികവൃത്തി കഴിഞ്ഞാൽ നിരവധിപേർ അന്നം കണ്ടെത്തുന്നത് കൈത്തറി മേഖലയിലൂടെയാണ്. ബാലരാമുപുരം, മഞ്ചവിളാകം, ധനുവച്ചപുരം, പറയ്ക്കോട്ടുകോണം, പൂവത്തൂർ മേഖലകളിൽ മാത്രം നൂറുകണക്കിന് കുടുംബങ്ങളാണ് കൈത്തറിയിലൂടെ കുടുംബം പുലർത്തുന്നത്. തുണി ഉത്പാദനത്തിന്റെ വലിയൊരു പങ്കും ഈ മേഖലയിൽ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. സംസ്ഥാനത്തെ കൈത്തറി മേഖലയുടെ ഭൂരിഭാഗം തറികളും പ്രവർത്തിക്കുന്നതാകട്ടെ സഹകരണ മേഖലയിലും. ഒറ്റത്തറി സ്ഥാപിച്ച് സ്വന്തം ഭവനങ്ങളിൽ കൈത്തറി വസ്ത്രം നെയ്യുന്നവരും കുറവല്ല. പരമ്പരാഗത വ്യവസായമായ കൈത്തറി മേഖലയിലെ കൈത്തറി സംഘങ്ങൾക്ക് കഴിഞ്ഞ കുറേവർഷങ്ങളായി റിബേറ്റ് കുടിശിക പോലും ഇതേ വരെ ലഭ്യമായിട്ടില്ല. തൊഴിലാളികൾ ഉപജീവനത്തിനായി മ​റ്റ് തൊഴിലുകൾ തേടി പോകുന്നു. പ്രധാന കൈത്തറി കേന്ദ്രളിലെ അധികം തറികളും കൊവിഡ് കാലമെത്തിയതോടെ പ്രവർത്തിക്കുന്നില്ല. കൈത്തറി മേഖലയിൽ തുടരുന്നവർക്കാവട്ടെ ലഭിക്കുന്നത് തുച്ഛമായ വരുമാനമാണ്. കൊറോണ വ്യാപനം വന്നതോടെ കിട്ടിയിരുന്ന ശമ്പളവും ഇല്ലാതായതായി തൊഴിലാളികൾ പറയുന്നു. കൈത്തറി മുണ്ടിനും തുണിത്തരങ്ങൾക്കും മുമ്പ് വലിയ ഡിമാന്റുണ്ടായിരുന്നു. വസ്ത്രശാലകൾ തുറക്കാത്തതിനാൽ തുണിത്തരങ്ങൾ വിറ്റുപോകാതെ പലയിടങ്ങളിലും കെട്ടിക്കിടക്കുകയാണ്. സംഘങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് കഴിഞ്ഞ 5 മാസമായി കൂലി ലഭിക്കുന്നില്ല. തുക നൽകേണ്ട ഹാൻവീവിലെ തൊഴിലാളികളാകട്ടെ ശമ്പളം ലഭ്യമല്ലാത്തതിനാൽ കഴിഞ്ഞ നാല് മാസമായി ചട്ടപ്പടി സമരത്തിലുമാണ്.

ആളൊഴിഞ്ഞ്

തറിപ്പുരകളിൽ വളരെ കുറച്ചുപേർ മാത്രമാണ് എത്തുന്നത്. നെയ്ത്തുപുരകളിൽ ഭൂരിഭാഗവും അടച്ചിട്ടിരിക്കുകയാണ്. വീടുകളിൽ ജോലി ചെയ്യുന്നവർക്ക് അസംസ്‌കൃത വസ്തുക്കളും കിട്ടാനില്ല. തറികളെല്ലാം പൊടിപിടിച്ച പ്രവർത്തന രഹിതമായ അവസ്ഥയിലാണ്. പ്രളയം കാരണം മുൻ വർഷങ്ങളിലും വൻ നഷ്ടമാണ് കൈത്തറി മേഖലയിലുണ്ടായതത്. പണിയെടുക്കുന്നതിൽ ഭൂരിഭാഗവും സ്ത്രീ തൊഴിലാളികളാണ്. വായ്പയെടുത്തും കടം വാങ്ങിയും തറികൾ സ്ഥാപിച്ചവരും തുണിത്തരങ്ങൾക്ക് ആവശ്യക്കാരില്ലാതെ വലയുകയാണ്. സ്‌കൂൾ യൂണിഫോമുകൾക്കാവശ്യമായ തുണിത്തരങ്ങൾ വാങ്ങാനാവശ്യക്കാരില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓണവിപണിയിലും ലാഭം ലഭിക്കില്ലെന്ന് കൈത്തറി മേഖലയെ തളർത്തുന്നുണ്ട്. സർക്കാർ സംവിധാനങ്ങളുടെ അടിയന്തര ഇടപെടലിലൂടെ തകരുന്ന കൈത്തറി മേഖലയെ പിടിച്ചു നിറുത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് കൈത്തറി തൊഴിലാളികൾ ആവശ്യപ്പെടുന്നത്.