photo

പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രീൻ ആഡിറ്റോറിയത്തിൽ ആരംഭിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററിലേക്ക് രോഗികൾക്ക് പ്രവേശനം ഇല്ല. നൂറിലധികം കിടക്കകളും, പത്ത് രോഗികൾക്ക് ഒരു ടോയ്ലറ്റ്, തുടങ്ങിയ എല്ലാ സംവിധാനം ഒരുക്കിയിട്ടും നി ലവിൽ ആന്റിജൻ ടെസ്റ്റുകൾ മാത്രമാണ് ഇവിടെ നടക്കുന്നത്. ടെസ്റ്റിൽ പോസിറ്റീവ് ആയ രോഗികൾക്ക് എസ്.യു.റ്റി വട്ടപ്പാറ, ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് ചികിൽസ.മുപ്പത്തിരണ്ടോളം കൊവിഡ് പോസിറ്റീവായ രോഗികൾ ഇപ്പോൾ നന്ദിയോട് പഞ്ചായത്തിൽ നിന്നും ഈ ആശുപത്രിയിൽ ചികിൽസയിലുണ്ട്.ഇവിടെ ടെസ്റ്റ് നടത്തിയ ആലംപാറ സ്വദേശിനിക്കും കുഞ്ഞിനും ഫലം നെഗറ്റീവായിരുന്നു. തുടർന്ന് പിറ്റേ ദിവസം അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ നെടുമങ്ങാട് ആശുപത്രിയിലെ ടെസ്റ്റിൽ ഫലം പോസിറ്റീവാകുകയും വട്ടപ്പാറയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. എല്ലാ ആധുനിക സംവിധാനങ്ങളുമൊരുക്കി ചികിത്സക്ക് സജ്ജമാക്കിയ ഗ്രീൻ ആഡിറ്റോറിയത്തിന് വാടക സൗജന്യമാണ്. ആഡിറ്റോറിയം ആശുപത്രിയായി മാറ്റിയതിന് പഞ്ചായത്തിന് ചിലവ് പത്ത് ലക്ഷം രൂപക്ക് മുകളിലാണ്. നിലവിൽ പഞ്ചായത്തിൽ ഠൗൺ ,കള്ളിപ്പാറ, തുടങ്ങിയ വാർഡുകൾ കണ്ടയ്ൻമെന്റ് സോണാണ്. ആയിരത്തിലധികം പേരാണ് ക്വാറന്റൈനിൽ പഞ്ചായത്തിലുള്ളത്.കൂടാതെ പഞ്ചായത്തിന്റെ പിടിവാശിയിൽ കണ്ടയ്ൻമെന്റ് സോണിനോട് ചേർന്ന വാർഡുകളിൽ രോഗം പകരും എന്ന ഭീതിയുള്ളപ്പോൾ തൊഴിലുറപ്പ് ജോലികൾ പുനരാരംഭിച്ചത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടെന്ന ആക്ഷേപമാണ് പൊതുജനങ്ങൾക്കുള്ളത്. സാമൂഹിക അകലം പല തൊഴിലിടങ്ങളിലും പാലിക്കുന്നില്ല എന്ന പരാതിയും നിലവിലുണ്ട്.