തായ്ലാൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ 'കിഡ്‌‌മായി' എന്ന ഒരു കഫേ ഉണ്ട്. തായ് ഭാഷയിൽ കിഡ്മായി എന്നാൽ പുതു ചിന്ത എന്നാണർത്ഥം. കഫേയുടെ ഉള്ളിൽ കയറിയാൽ ഒരു കറുത്ത സോഫ കാണാം. അവിടെ ഒരാൾ നമ്മളെ കാത്തിരിപ്പുണ്ട്. മറ്റാരുമല്ല ഒരു അസ്ഥികൂടം. കിഡ്മായി ഒരു സാധാരണ കഫേ അല്ല. അവിടേയ്ക്ക് ഭക്ഷണക്കൊതിയുമായി ചെല്ലുന്ന നമ്മളെ മരണ ചിന്തകളിലേക്ക് കൂട്ടി കൊണ്ടുപോകാനാണ് അവരുടെ പദ്ധതി. വേണമെങ്കിൽ ശവപ്പെട്ടിയിലും കിടക്കാം. മെനു തുറന്ന് നോക്കിയാൽ പലതരം കോഫിയും ചായയും കാണാം. പക്ഷേ, അവിടെ കിട്ടുന്ന ഐറ്റംസിന്റെ പേരുകൾ ആണ് പ്രശ്നം, "അന്ത്യദിനം", "മരിക്കാൻ ഇനി ഒരാഴ്ച", "മരിക്കാൻ ഇനി ഒരു മാസം" അങ്ങനെ പോകുന്നു പേരുകൾ. ആർക്കും പേടി തോന്നിപ്പോകും. ആ കഫേ നടത്തുന്നയാൾക്ക് തലയ്ക്ക് വട്ടാണോ എന്നും ചിന്തിച്ചുപോകും. എന്നാൽ, ഇതൊരു കച്ചവട ഗിമ്മിക് അല്ല എന്നാണ് നടത്തിപ്പുകാരൻ പറയുന്നത്.

മരണത്തെപ്പറ്റി ചിന്തിക്കാൻ

ബുദ്ധമതത്തിൽ മരണം എന്ന പ്രക്രിയയ്ക്ക് ഒട്ടേറെ പ്രാധാന്യം ഉണ്ട്. നല്ല കർമങ്ങൾ ചെയ്ത്, മരണശേഷം മോക്ഷം പ്രാപിക്കാനാണ് ബുദ്ധമതം പറയുന്നത്. എന്നാൽ, എത്രപേർ സ്വന്തം ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ സമയം കണ്ടെത്താറുണ്ട്? വേഗത്തിൽ നീങ്ങുന്ന ലോകത്ത്, വേഗത്തിൽ ജീവിക്കുന്ന മനുഷ്യർ സ്വത്തിനും സമ്പത്തിനും പ്രശസ്തിക്കും വേണ്ടി പരക്കം പായുമ്പോൾ ഒരു നിമിഷം നമ്മളെ എല്ലാവരെയും കവർന്നെടുക്കുന്ന മരണത്തെപ്പറ്റി ചിന്തിക്കാറുണ്ടോ? പ്രത്യേകിച്ച് യുവ തലമുറ? അങ്ങനെ ചിന്തിപ്പിക്കാൻ കടയിൽ വരുന്ന അതിഥികളെ കടക്കാർ ആദ്യം തന്നെ ഒരു അലങ്കരിച്ച ശവപ്പെട്ടിയിൽ അടയ്ക്കും. സധൈര്യം കിടക്കുന്ന അതിഥികൾക്ക് ബിൽ തുകയിൽ ഡിസ്‌കൗണ്ടും കൊടുക്കും. "ശവപ്പെട്ടി ആളുകൾ തുറന്നില്ലെങ്കിൽ ഞാൻ ഇവിടെ കിടന്ന് മരിക്കില്ലേ? ഞാൻ ഇവിടെ കിടക്കുന്ന വിവരം വീട്ടുകാർക്ക് അറിയില്ലല്ലോ. അപ്പോഴാണ് ശരിക്കും ഞാൻ മരണത്തെ പറ്റി ഓർത്തത്", കടയിൽ വന്ന ബൂൺമോഹ് എന്ന സ്ത്രീ അനുഭവം പറയുന്നു.

മരണത്തെ കുറിച്ചുള്ള ബോധവത്കരണം അത്യാവശ്യമാണെന്നാണ് കടയുടെ ഉടമയായ വീരനോട്ട് പറയുന്നത്. "മരണത്തെപ്പറ്റി ചിന്തിക്കുന്ന സമയം ആർത്തിയും ദേഷ്യവും ആളുകൾ മറക്കുന്നു. ഫോണിൽ നിന്നും ശ്രദ്ധ മാറുമ്പോൾ, മരണത്തെപ്പറ്റി ചിന്തിക്കുമ്പോൾ, ജീവിതത്തിൽ ചെയ്തു തീർക്കാനുള്ള കാര്യങ്ങളെ പറ്റി യുവാക്കൾ ചിന്തിക്കും".

കഫേയുടെ വഴിയിൽ കൂടി നടന്നു പോകുന്നവർക്ക് ഈ കട കുറച്ച് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. അതിൽ പക്ഷേ, ഉടമയ്ക്ക് ഒരു കുലുക്കവും ഇല്ല. "ആ അസ്വസ്ഥതയിലും അവർ മരണത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടല്ലോ".