
തിരുവനന്തപുരം: കൊവിഡിനെ പ്രതിരോധിച്ച് ഓണമാഘോഷിക്കാൻ നാടും നഗരവും ഒരുങ്ങി. നാളെ അത്തം പുലരുന്നതോടെ പൂവിളിയുടെ മാറ്റൊലി മുഴങ്ങും. കൊവിഡ് ആശങ്കയുണ്ടെങ്കിലും മുൻകരുതൽ ഒരുക്കിയാണ് ഇത്തവണ നഗരത്തിലെ വ്യാപാരികൾ ഓണത്തെ വരവേൽക്കുന്നത്. ഓണത്തോടെയാണ് ജില്ലയിൽ ഉത്സവ സീസണ് തുടക്കമാവുന്നത്. ഓണത്തിന് പിന്നാലെയാണ് ദുർഗാപൂജ, ദസറ, മഹാനവമി, ദീപാവലി, ക്രിസ്മസ് എന്നിവയൊക്കെ എത്തും. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പ്രളയമാണ് കേരളത്തെ തകർത്തതെങ്കിൽ ഇത്തവണ ആ റോൾ കൊവിഡിനാണ്.
ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും 15 ഓടെ വിപണി സജീവമായി. ഇനിയുള്ള ഒരുമാസംകൊണ്ട് വില്പനയിൽ വൻ വർദ്ധനയാണ് ഗൃഹോപകരണ നിർമാതാക്കളും വ്യാപാരികളുമൊക്കെ പ്രതീക്ഷിക്കുന്നത്. ഇതിനായി ഇവർ പുത്തൻ ഓഫറുകളും നൽകിയിട്ടുണ്ട്. പ്രധാന വിപണന കേന്ദ്രങ്ങളായ ചാല, കിഴക്കേകോട്ട, പഴവങ്ങാടി, പുത്തരിക്കണ്ടം മൈതാനം എന്നിവിടങ്ങളിൽ വഴിയോര കച്ചവടങ്ങളും സജീവമായിട്ടുണ്ട്. പൊലീസിന്റെ കർശന പരിശോധയും നിയന്ത്രണവും ഇതിനൊപ്പമുണ്ട്. ആഘോഷങ്ങളെല്ലാം വീട്ടിൽ തന്നെ ചുരുക്കണമെന്ന് സർക്കാരിന്റെ നിർദ്ദേശമുണ്ടെങ്കിലും ചാലയടക്കമുള്ള വ്യാപര കേന്ദ്രങ്ങളിൽ രാത്രിയിലും ആൾക്കാർ തിക്കിത്തിരക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഓണവിപണി കഴിയുന്നതുവരെയെങ്കിലും കടകളുടെ സമയം ദീർപ്പിക്കണമെന്നാവശ്യവുമായി വ്യാപാരികൾ രംഗത്തെയിട്ടുണ്ട്.
വില്പന സമയം ദീർഘിപ്പിക്കണമെന്ന്
സർക്കാർ ഓഫീസടക്കമുള്ള ജോലിസ്ഥലങ്ങളിൽ നിന്ന് ആളുകൾ വിപണിയിലെത്തുന്ന വൈകുന്നേരങ്ങളിലാണ്. ഈ പശ്ചാത്തലത്തിൽ ഏഴു മണിക്ക് കച്ചവടം അവസാനിപ്പിക്കേണ്ടി വരുന്നത് ഇരുകൂട്ടർക്കും തിരിച്ചടിയാണ്. നിലവിൽ രാത്രി ഏഴു മണി വരെ പ്രവർത്തനാനുമതി നൽകിയിരിക്കുന്ന കടകളുടെ പ്രവർത്തന സമയം 9വരെ നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. വരു ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കാനും സാധിക്കുമെന്ന് ഇവർ പറയുന്നു.
പൂക്കച്ചവടത്തിന് എട്ടിന്റെ പണി
സ്‌കൂളും കോളേജുകളും പൂട്ടിയതോടെ പൂവിപണിക്കുണ്ടായത് വൻ തിരിച്ചടിയാണ്. ഇതോടൊപ്പം ക്ലബുകളും സ്ഥാപനങ്ങളും ആഘോഷങ്ങൾ വേണ്ടെന്നു വച്ചതും ഇവരുടെ നടുവൊടിച്ചു. അത്തത്തിന് പത്തു ദിവസം മുന്നേ ബുക്കിംഗ് തുടങ്ങുന്ന പൂക്കച്ചവടത്തിന് ഇന്ന് ആവശ്യക്കാരില്ല. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന മീനിലും അരിയിലും ഇറച്ചിയിലും ഉണ്ടാവത്ത കൊവിഡ് പൂവിലും ഉണ്ടാവില്ലെന്നും വ്യാപാരികൾ പറഞ്ഞു.
നിയന്ത്രണം കടുപ്പിച്ച് പൊലീസ്
പൊലീസ് പരിശോധനയും നിയന്ത്രണവും കർശനമാക്കിയതോടെ പെട്ടുപോയത് ചെറുകിട കച്ചവടക്കാരാണ്. കടയടയ്ക്കാൻ അഞ്ചു മിനിട്ടൊന്ന് താമസിച്ചാൽ അടിക്കും പെറ്റി, പിറ്റേന്ന് കട തുറക്കാനും അനുവദിക്കില്ല. കടയിൽ ഒറ്റയ്ക്കാവുമ്പോൾ മാസ്‌കൊന്നു മാറിയാലുമുണ്ട് പിഴ. ഈ കടുംപിടുത്തം ഒന്നവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം
ഒന്ന് ശ്രദ്ധിക്കാൻ
കുട്ടികളെയും പ്രായമേറിയവരെയും ഒപ്പം കൂട്ടാതിരിക്കുക.
വ്യാപാര കേന്ദ്രങ്ങളിൽ പേരും വിലാസവും നമ്പരും നൽകുക
മാസ്‌കും സാനിറ്റൈസറും കരുതുക
തിരക്ക് ഉണ്ടാവാതിരിക്കാൻ സ്വയം നിയന്ത്രിക്കുക
സാമൂഹിക അകലം ഉറപ്പുവരുത്തുക
കടകളിൽ കാർഡ് ഉപയോഗിക്കുകയോ ഓൺലൈൻ പേയ്‌മെന്റിനോ മുൻഗണന നൽകുക
സ്വന്തം വാഹനത്തിൽ ഷോപ്പിംഗിനെത്താൻ ശ്രമിക്കുക
വസ്ത്രങ്ങൾ തിരഞ്ഞ് സമയം കളയാതിരിക്കുക.