വിതുര: സ്കൂൾ വിദ്യാർത്ഥികളായ ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച ആളെ അറസ്റ്റ് ചെയ്തു. വിതുര കല്ലാർ ആദിവാസി മേഖലയിൽ ദൈവകല്ല് വീട്ടിൽ പെരുമാൾ എന്ന സത്യചന്ദ്രൻ (56)ആണ് പിടിയിലായത്. പെൺകുട്ടികളുടെ മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്ത് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയിരുന്നത്. കഴിഞ്ഞ ദിവസം സാമൂഹ്യ പ്രവർത്തകയായ ധന്യാരാമൻ സംഘടിപ്പിച്ച കൗൺസലിംഗ് ക്ലാസിലാണ് പെൺകുട്ടികൾ പീഡനവിവരം അറിയിച്ചത്. തുടർന്ന് വിതുര സി. ഐ. എസ്. ശ്രീജിത്ത്, എസ്. ഐ. എസ്. എൽ. സുധീഷ്, എ. എസ്. ഐ. എസ്. വിനോദ്, സി. പി. ഒ മാരായ വിജയൻ, രതീഷ് എന്നിവർ കല്ലാറിൽ എത്തി സത്യചന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.