തിരുവനന്തപുരം: തങ്ങൾ കൂട്ടിയാൽ കൂടാത്ത വലിയ തുകയുണ്ടെങ്കിൽ മാത്രമേ വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശി മുജീബിന് ജീവിതത്തിലേക്ക് മടങ്ങിവരാനാകൂ. ഇത്രയും വലിയ തുക എങ്ങനെയുണ്ടാക്കുമെന്ന് അറിയില്ലെങ്കിലും അസുഖങ്ങളോടും അസ്വസ്ഥതകളോടും വിട പറഞ്ഞ് ജീവിക്കണമെന്ന ആഗ്രഹമാണ് മുജീബിനും. ഇരു വൃക്കകളും തകരാറിലായ മുജീബിന് വൃക്ക മാറ്റിവയ്ക്കൽ മാത്രമേ വഴിയുള്ളൂ. ഇതിലേക്കായി എട്ടു ലക്ഷം രൂപ വേണം. നാലു വർഷം മുൻപാണ് ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന മുജീബിന്റെ കുടുംബത്തിലേക്ക് വില്ലനായി വൃക്ക രോഗം കടന്നുവന്നത്. പതിയെ ഇരുവൃക്കകളും തകരാറിലായി. ഡ്രൈവറായും ഗൾഫിൽ പ്രവാസിയായുമൊക്കെ ജീവിതം കരുപ്പിടിപ്പിച്ച മുജീബിന് പിന്നീട് ജോലിക്ക് പോകാനായിട്ടില്ല. ആറു മാസം മുൻപ് ഡയലിസിസും ആരംഭിച്ചു. സമ്പാദ്യമെല്ലാം ചികിത്സയ്ക്കായി ചെലവായി. ആകെയുള്ള ആറ് സെന്റ് ഭൂമിയും കൊച്ചുവീടും ജപ്തിഭീഷണിയിലാണ്. വൃക്ക നൽകാൻ ഭാര്യ ഷാനിഫ തയ്യാറാണ്. എത്രയും വേഗം ഓപ്പറേഷൻ നടത്താനാണ് ഡോക്ടർമാരും നിർദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സിച്ചിരുന്നത്. ഇപ്പോൾ എട്ടു മാസമായി സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ഇന്ന് സർജറി നടക്കേണ്ടതായിരുന്നു. കൊവിഡും പണം തികയാത്തതും കാരണം ഓപ്പറേഷൻ മാറ്റി വച്ചിരിക്കുകയാണ്. ഷാനിഫയ്ക്ക് ജോലിയൊന്നുമില്ല. ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളുമടങ്ങുന്നതാണ് കുടുംബം. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെയായിരുന്നു ഇത്രയും നാൾ ചികിത്സിച്ചിരുന്നത്. സഹായിക്കാൻ താത്പര്യമുള്ളവർക്കായി ഷാനിഫയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ തേമ്പാമൂട് ശാഖയിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 31026498675, ഐ.എഫ്.എസ്.സി കോഡ്: SBIN 0007253.വിവരങ്ങൾക്ക്: മുജീബ് - 7593965029.