ആര്യനാട്: ബിനോയ് വിശ്വം എം.പിയുടെ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ വിനിയോഗിച്ചുള്ള മന്ദിര നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിയതായി സ്ഥലം സന്ദർശിച്ച എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയും സ്കൂൾ വികസന സമിതി മുൻ ചെയർമാനുമായ മീനാങ്കൽ കുമാർ അറിയിച്ചു. താലൂക്കിലെ തന്നെ മികവുറ്റ സർക്കാർ സ്കൂളാണ് മീനാങ്കൽ ട്രൈബൽ ഹൈസ്കൂൾ.1957ൽ ആരംഭിച്ച സ്കൂൾ 1990ലാണ് ഹൈസ്ക്കൂളായി ഉയർത്തിയത്. നിരവധി ആദിവാസി സെറ്റിൽമെന്റുകളും പട്ടികജാതി കോളനികളും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ വിദ്യാർഥികളാണ് ഭൂരിഭാഗവും ഇവിടെ പഠിക്കുന്നത്. മന്ദിര നിർമാണം പൂർത്തിയാകുന്നതോടുകൂടി ഇവിടത്തെ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് വേണ്ടി ഹയർസെക്കൻഡറി ഉൾപ്പെടെ അനുവദിക്കുന്നതിന് സാദ്ധ്യതയേറും. ഇതുകൂടി കണക്കിലെടുത്തുകൊണ്ട് പ്ലസ് ടു ക്ലാസ്സുകൾക്ക് അനുയോജ്യമായ വിധത്തിൽ ക്ലാസ് മുറികൾ നിർമ്മിച്ചിരിക്കുന്നത്. ഈ പ്രദേശത്തിന്റെ പ്രത്യേകത പരിഗണിച്ച് ഹയർസെക്കൻഡറി അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മീനാങ്കൽ കുമാർ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. 2009ൽ സി.പി.ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ഇ. ഇസ്മായിൽ (മുൻ എം.പി) എം.പി ഫണ്ടിൽ നിന്നും അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച മന്ദിരം ഉൾപ്പെടെ രാജ്യസഭാംഗങ്ങൾ, നിയമസഭാംഗങ്ങൾ, പാർലമെന്റ് അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് നടത്തിയ വികസന നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവ പ്ലസ് ടു ആരംഭിക്കുന്നതിലേക്കുള്ള അടിസ്ഥാന വികസന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പുറത്തിപ്പാറ സജീവ്, പി.ടി.എ പ്രസിഡന്റ്‌ വിജേഷ്, സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി എ.എം.സാലി, ലോക്കൽ കമ്മിറ്റി മെമ്പർ സദാശിവൻ കാണി തുടങ്ങിയവർ പങ്കെടുത്തു.