കേരളത്തിൽ ധാരാളം കാൻസർ രോഗികൾ ഉണ്ട്. സംസ്ഥാന സർക്കാർ ഇവർക്ക് പ്രതിമാസം ആയിരം രൂപ പെൻഷൻ ആയി നൽകി സഹായിക്കുന്നുണ്ട്. ഇക്കൂട്ടർക്ക് വിലയേറിയ മരുന്നുങ്ങൾ വാങ്ങിക്കുന്നതിന് ഈ പ്രതിമാസ കാൻസർ പെൻഷൻ ഒരു മുതൽക്കൂട്ടാണ്.
ഓരോ വർഷത്തിലും കാൻസർ പെൻഷൻ പുതുക്കുന്നതിന് മെഡിക്കൽ കോളേജ് / ആർ.സി.സി ഡോക്ടർമാരുടെ പക്കൽ നിന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി അപേക്ഷ തിരുവനന്തപുരം താലൂക്ക് ഓഫീസിൽ ഹാജരാക്കേണ്ടതുണ്ട്.
കൊവിഡ് - 19 ആയതിനാൽ കാൻസർ രോഗികൾക്ക് മെഡിക്കൽ കോളേജിലോ ആർ.സി.സിയിലോ പോയി ഡോക്ടർ സർട്ടിഫിക്കറ്റ് നേടാൻ കഴിയുന്നില്ല. ഈ കാരണം കൊണ്ട് 5 മാസമായി കാൻസർ പെൻഷൻ കിട്ടുന്നില്ല. ഈ ഓണക്കാലയളവിൽ കാൻസർ രോഗികൾക്ക് പുതുതായി ഡോക്ടർ സർട്ടിഫിക്കറ്റ് വാങ്ങിക്കുന്നതിന് ഇളവ് നൽകി കാൻസർ പെൻഷൻ തുടർന്നും ലഭിക്കുന്നതിനുള്ള നടപടി എത്രയും പെട്ടെന്ന് എടുത്ത് അനുവദിച്ച് നൽകണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.
എസ്. സതീശൻ കുളത്തൂർ
തിരുവനന്തപുരം
ഫാം ഡി
കോഴ്സുകാരുടെ
അവസ്ഥ
2018 ജൂലായ് 15ന് യുട്യൂബിൽ പുറത്തിറങ്ങിയ ഒരു വീഡിയോ കണ്ടതാണ് ഇങ്ങനെ ഒരു കത്ത് എഴുതാൻ കാരണം. ആരോഗ്യ രംഗത്ത് പുത്തൻ മാറ്റങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് അവതരിപ്പിച്ച ഒരു കോഴ്സ് ആണ് ഫാം ഡി. ആ കോഴ്സ് കഴിഞ്ഞ ഒരുകൂട്ടം വിദ്യാർത്ഥികളുടെ അവസ്ഥ ''നേർക്കണ്ണ് "" എപ്പിസോഡ് 48ലൂടെ സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും ഈ കോഴ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ജോലി ഉറപ്പായിട്ടില്ല. ഉയർന്ന യോഗ്യത ഉള്ളതുകൊണ്ട് ബി.ഫാം കഴിഞ്ഞ് ഫാം ഡി പി.ബി. കോഴ്സ് ചെയ്തവർക്ക് പോലും ഫാർമസിസ്റ്റ് ജോലി പോലും നിഷേധിക്കപ്പെടുകയാണ്. ഈ സാഹച ര്യത്തിൽ വളരെയധികം മാനസിക പിരിമുറക്കത്തിലൂടെയാണ് ഓരോ വിദ്യാർത്ഥികളും കടന്നുപോകുന്നത്. ഭീമമായ തുക ഡൊണേഷൻ കൊടുത്താണ് ഓരോ വിദ്യാർത്ഥികളും ഈ കോഴ്സിന് ചേരുന്നത്. ആറുവർഷം പഠിക്കാൻ ഏകദേശം 15 മുതൽ 20 ലക്ഷം വരെ പണം ചെലവാകുന്നുണ്ട്. എന്നിട്ടും പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ജോലിയില്ല. പല വിദ്യാർത്ഥികളും ഡാറ്റാ എൻട്രി ജോലി ചെയ്യുകയാണ്. എന്തുകൊണ്ടാണ് നമ്മുടെ ഗവൺമെന്റ് ഈ കോഴ്സിനു നേരെ മുഖംതിരിച്ചു നിൽക്കുന്നത്. ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ ഇത് കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ഈ കത്തെഴുതുന്നത്.
നിമ്മി ട്രീസ ജോസഫ്
ഫോൺ: 8301022132
പട്ടിണിക്കാശ്
പോലും കിട്ടുന്നില്ല
ലോകത്തോടൊപ്പം കേരളത്തിലും കൊവിഡിനെത്തുടർന്ന് അടച്ചിടീൽ ആറുമാസം പിന്നിടുന്നു. രോഗവ്യാപനം തടയുന്നതോടൊപ്പം അതിനു പുറത്തുള്ള സർവ ജീവജാലങ്ങളെയും - തെരുവുനായ്ക്കൾ, പൂച്ച, കുരങ്ങ്, കാക്ക, പരുന്ത്, ഉറുമ്പ് മുതൽ ആന വരെ - സംരക്ഷിക്കാനുള്ള സർവവിധ സന്നാഹങ്ങൾ സർക്കാരൊരുക്കി. അസംഘടിത, സംഘടിത മേഖലകളിലെ തൊഴിലാളികൾക്ക് ബന്ധപ്പെട്ട ക്ഷേമനിധികളിൽ നിന്നും അല്ലാതെയും പട്ടിണി മാറ്റാനുള്ള വക സർക്കാർ നൽകി. എന്നാൽ ഇതിലൊന്നിലും പെടാത്തതും തൊഴിലാളി എന്ന നിർവചനത്തിൽ പോലും വരാത്തതുമായ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് ആളുകൾ പണിയെടുക്കുന്ന, ഒരു മേഖലയാണ് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഇക്കൂട്ടർക്ക് സംഘടന ഉണ്ടെന്നും ഇല്ലെന്നും പറയുന്നതാണ് ശരി. ഇവരിൽ സിംഹഭാഗത്തിനും കഴിഞ്ഞ ആറേഴു മാസമായി ശമ്പളമോ മറ്റാനുകൂല്യങ്ങളോ ലഭിക്കുന്നില്ല.
മിക്ക സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും കുട്ടികൾ പ്രവേശിക്കുമ്പോൾ തന്നെ ഒന്നോ രണ്ടോ വർഷത്തെ ഫീസ് വാങ്ങുന്നു. ചിലപ്പോൾ രണ്ടോ മൂന്നോ തവണകളായും വസൂലാക്കുന്നു. അതുകൊണ്ട് അടച്ചിടൽ മൂലം സ്ഥാപന നടത്തിപ്പുകാർക്ക് ഒരു പൈസയുടെ നഷ്ടവും ഉണ്ടായിട്ടില്ല.
അൺ എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ സ്ഥിതി ഇതിലും ദയനീയമാണ്. ഫീസ് ഈടാക്കാൻ പാടില്ലെന്ന് സർക്കാർ ആവർത്തിച്ച് പറഞ്ഞെങ്കിലും ഏഴു മാസമായി അടച്ചിട്ടിരിക്കുന്ന സ്കൂൾ കുട്ടികളിൽ നിന്നും ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ്, ആക്ടിവിറ്റി ഫീസ്, ലൈബ്രറി ഫീസ്, ഓൺലൈൻ ഫീസ്, അദ്ധ്യാപക ക്ഷേമനിധി, ഐഡന്റിറ്റി കാർഡ് ഫീസ് തുടങ്ങിയ ഇനങ്ങളിൽ വലിയതുകയാണ് മേയ് മാസത്തിൽ തന്നെ വാങ്ങിയത്. എന്നിട്ടും ചിലയിടങ്ങളിൽ അദ്ധ്യാപകരടക്കമുള്ള ജീവനക്കാർക്ക് കൊടുക്കേണ്ടിയിരുന്ന പട്ടിണിക്കാശ് പോലും ആറേഴുമാസമായി കൊടുക്കുന്നില്ല.
പുന്നലത്താഴം സുരേഷ്ബാബു
തിരുവനന്തപുരം