കിളിമാനൂർ: ഓണം പടിവാതുക്കലെത്തിയെങ്കിലും ഇത്തവണ വിപണി അത്ര സജീവമല്ലെന്നു വേണം പറയാൻ. നാളെ അത്തം ആണെങ്കിലും നാടും നഗരവും ഉത്സവ മേളമില്ലാതെ നിർജീവമാണ്. കട കമ്പോളങ്ങളിലും, മാർക്കറ്റുകളിലും പേരിന് മാത്രം നാലോ അഞ്ചോ പേർ.പന്തുകളും കളിപ്പാട്ടങ്ങളും കായ വറുത്തതും ശർക്കരവരട്ടിയും പുതു വസ്ത്രങ്ങളും തേടി ജനങ്ങൾ എത്തുന്നില്ല.ഓണക്കാല വിപണി മ്ലാനതയിൽ.സർക്കാർ ജീവനക്കാർക്ക് ബോണസും അഡ്വാൻസും ലഭിക്കുന്നതിലാണ് വ്യാപാരികളുടെ അവസാന പ്രതീക്ഷ.കൊവിഡ് തകർത്ത സമ്പദ് വ്യവസ്ഥ തന്നെയാണ് വില്ലൻ.
വസ്ത്ര വിപണി
ഓണക്കാലമായെങ്കിലും വസ്ത്ര വില്പന തണുത്ത മട്ടിലാണ്. ചെറുതും വലുതുമായ വസ്ത്ര ശാലകളിൽ ഉപഭോക്താക്കൾ കുറവാണ്. വിലക്കിഴിവ് പോലുള്ള വാഗ്ദാനങ്ങൾ നൽകുന്നുണ്ട്. ജനങ്ങൾ പൊതുവെ സാമ്പത്തിക ഞെരുക്കം നേരിടുന്നതിനാൽ വലിയ വില്പന പ്രതീക്ഷിക്കുന്നില്ല. നാലു മാസത്തോളം അടഞ്ഞു കിടക്കുന്നതിനാലും വിപണന സാദ്ധ്യത കുറവായതിനാലും കാര്യമായ സ്റ്റോക്ക് പലർക്കുമില്ല.
പൂക്കൾ
ഓണക്കാലമായാൽ പൂക്കടകളും സജീവമാകുമായിരുന്നു. ഇത്തവണ അതും ഇല്ല. തോവാള, മധുരൈ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും പൂക്കൾ എത്തുന്നത്. എന്നാൽ കൊവിഡ് ഭീതിയിൽ അതാത് പ്രദേശത്തെ പൂക്കൾ ഉപയോഗിച്ചാൽ മതി എന്ന അറിയിപ്പ് ഈ മേഖലയ്ക്കു തിരിച്ചടിയായി.
ഓണത്തിന് ഒഴിവാക്കാനാവാത്ത കായ വറുത്തത്, ശർക്കര വരട്ടി എന്നിവ ഇക്കുറി വഴിയോരങ്ങളിലാണ് സുലഭം.
വില്പന പ്രദർശന മേളകളും ഇല്ല
ഓണക്കാലമായാൽ അത്തം മുതലുള്ള പ്രധാന കാഴ്ചയാണ് പ്രദർശന മേളകൾ. കൊവിഡ് മൂലം അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഉത്പാദകർക്ക് വരാൻ കഴിയാത്തതും വിപണന സാദ്ധ്യത കുറഞ്ഞതും മൂലം പ്രദർശന വില്പന മേളകൾ ഉപേക്ഷിച്ചതിനാൽ കോടികളുടെ നഷ്ടമാണ് ഈ മേഖലയ്ക്ക് സംഭവിച്ചതെന്ന് മേളകളുടെ സംഘാടകർ പറഞ്ഞു.