spark

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളിലെയും അർദ്ധസർക്കാർ സ്ഥാപനങ്ങളിലെയും താത്കാലിക നിയമനങ്ങളെ സംബന്ധിച്ച് കൃത്യമായ കണക്കുകൾ ശേഖരിക്കാനായി ഈ സ്ഥാപനങ്ങളിലെ ശമ്പള വിതരണം സർക്കാർ അംഗീകൃത സോഫ്ട്‌വെയർ വഴി ആക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് അറിയിച്ചു.
നിലവിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, ഇൻക്രിമെന്റ്, പി.എഫ്, ആദായ നികുതി
എന്നിവയെല്ലാം സ്പാർക്ക് എന്ന സോഫ്ട്‌വെയറിലൂടെയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് വേണ്ടി ജി സ്പാർക് എന്ന സോഫ്ട്‌വെയറും യൂണിവേഴ്സിറ്റികൾക്കായി യൂണി സ്പാർക് എന്ന സോഫ്ട്‌വെയറും എൻ.ഐ.സിയുടെ സഹായത്തോടെ തയാറാക്കും.
കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ പരീക്ഷണാടിസ്ഥാനത്തിൽ ജി സ്പാർക്ക് നടപ്പിലാക്കി. കുസാറ്റിൽ പൈലറ്റ് അടിസ്ഥാനത്തിൽ യൂണി സ്പാർക്ക് ട്രയൽ നടന്നുവരികയാണ്. രണ്ടു മാസത്തിനുള്ളിൽ പുതിയ സംവിധാനത്തിന്റെ സെക്യൂരിറ്റി ഓഡിറ്റ് നടത്തി എല്ലാ സ്ഥാപനങ്ങളിലും ഇതു നടപ്പിലാക്കും. ഒക്ടോബർ പത്തിനകം ഈ സംവിധാനത്തിലൂടെ ശമ്പള വിതരണം ആരംഭിക്കാത്ത സ്ഥാപനങ്ങളുടെ ഫണ്ട് ധനകാര്യ വകുപ്പ് തടഞ്ഞുവയ്ക്കും.
ഇതിനിടെ സ്വമേധയാ സ്പാർക്കു വഴി ശമ്പളം വിതരണം ചെയ്യാനുള്ളകെ.എസ്.ആർ.ടി.സി തീരുമാനത്തെ മന്ത്രി സ്വാഗതം ചെയ്തു. അനധികൃതമായ നിയമനങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള കാൽവയ്പ്പായിരിക്കും സാപാർക്കു വഴിയുള്ള ശമ്പള വിതരണമെന്നും മന്ത്രിപറഞ്ഞു.