b
കായിക്കര കടവ്

കടയ്ക്കാവൂർ: ജനങ്ങളുടെ നീണ്ടനാളത്തെ അഭിലാഷമായ കായിക്കരകടവ് പാലത്തിന്റെ നിർമ്മാണം കടലാസിൽ വിശ്രമിക്കുന്നു. മഹാകവി കുമരനാശാന്റെ ജന്മസ്ഥലമായ അഞ്ചുതെങ്ങ് പഞ്ചായത്തിലെ കായിക്കരയേയും ധീരദേശാഭിമാനി വക്കം ഖാദറിന്റെ ജന്മസ്ഥലവും വക്കം മൗലവിയുടെ കർമ്മഭൂമിയുമായ വക്കത്തെയും ബന്ധിപ്പിച്ച് അഞ്ചുതെങ്ങ് കായലിന് കുറുകേ നിർമ്മിക്കുന്ന പാലമാണ് പ്രാരംഭ പ്രവർത്തനങ്ങൾക്ക് ശേഷം എങ്ങുമെത്താതെ കിടക്കുന്നത്. ഡെപൂട്ടി സ്പീക്കർ വി. ശശി, ബി. സത്യൻ എം.എൽ.എ, ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ തുടങ്ങിയവരുടെ ശ്രമഭലമായി ഇരുപത്തിയഞ്ച് കോടി രൂപയാണ് പാലത്തിനായി കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ചത്.

നിർമ്മാണത്തിന് മുന്നോടിയായി സോയിൽ ഇൻവെസ്റ്റിഗേഷൻ, ഡിസൈൻ പ്രോജക്ട് റിപ്പോർട്ട് തുടങ്ങിയവ ഏഴര ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയിരുന്നു. അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലും രണ്ട് എം.എൽ.എമാരുടെ നേതൃത്വത്തിൽ വസ്തു ഉടമകളുമായി സംസാരിച്ച് ധാരണയിലെത്തിയിട്ടുണ്ട്. ഫണ്ട് അനുവദിച്ചാൽ ഭൂമി ഏറ്റെടുക്കലും ഉടൻ പൂർത്തിയാക്കാം. എന്നാൽ ഇതിനുള്ള നടപടികളാണ് മുടന്തുന്നത്. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും പാലം എത്രയും വേഗം പൂർത്തിയാക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

പ്രയോജനം ഈ പഞ്ചായത്തുകൾക്ക്

01. വെട്ടൂർ

02. അഞ്ചുതെങ്ങ്

03. വക്കം

04. മണമ്പൂർ

05. ചെറിന്നിയൂർ

ലാഭം കിലോമീറ്ററുകൾ

ചെറിന്നിയൂർ, മണമ്പൂർ, വക്കം പഞ്ചായത്തുകളിലുള്ളവർക്ക് പാലം പൂർത്തിയായാൽ കിലോമീറ്രറുകളാണ് യാത്രാലാഭം. പാലത്തിലൂടെ കായിക്കര എത്തിയാൽ അഞ്ചുതെങ്ങ്, പെരുമാതുറ വഴി തിരുവനന്തപുരം എയർപോർട്ട്, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാം. 15 കിലോമീറ്റർ ഇത്തരത്തിൽ ലാഭിക്കാം എന്നുമാത്രമല്ല തീരദേശ റോഡിലൂടെ പ്രകൃതിഭംഗി ആസ്വദിച്ച് അയാസരഹിതമായി സഞ്ചരിക്കുകയും ചെയ്യാം. ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷനേടുന്നതിനും പാലം അനുഗ്രഹമാണ്.

,,,,,,,,,,,,,,,,,,,,,,,,,,,

തീരദേശവാസികളുടെ പ്രധാന ആവശ്യമായ കായിക്കരകടവ് പാലം എത്രയും വേഗം യാഥാർത്ഥ്യമാക്കണം. ഇതിനായി അടിയന്തര ഇടപെടൽ നടത്തണം

അഞ്ചുതെങ്ങ് സജൻ, ബി.ജെ.പി പ്രവർത്തകൻ