നെടുമങ്ങാട്: പറക്കമുറ്റും മുമ്പേ അച്ഛൻ ഉപേക്ഷിച്ചു പോയി. അടച്ചുറപ്പുള്ളൊരു വീട് സ്വപ്നം കണ്ട അമ്മയെ വിധി കവർന്നെടുത്തു. നെടുമങ്ങാട് ടൗൺ യു.പി.എസിലെ ഏഴാം ക്ലാസുകാരി ഐശ്വര്യ എന്ന കൊച്ച് 'ഐശു"വിനും ചേട്ടൻ കണ്ണൻ എന്ന സുധീഷിനും അപ്പൂപ്പൻ മുരുകനും അമ്മൂമ്മ വള്ളിയമ്മയും മാത്രമാണ് ആശ്രയം. മുരുകൻ പത്രവിതരണത്തിന് പോയി ലഭിക്കുന്ന തുച്ഛമായ വേതനമാണ് ഈ നിർദ്ധന കുടുംബത്തിന്റെ വരുമാനം. നഗരസഭ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച വീടിന്റെ പണി പാതി വഴിയിലാക്കിയാണ് ഐശുവിന്റെയും കണ്ണന്റെയും അമ്മ ദീപയുടെ ജീവൻ വിധി കവർന്നെടുത്തത്. ലൈഫ് മിഷന്റെ ഫലപ്രദമായ നിർവഹണത്തിന് സംസ്ഥാന സർക്കാരിന്റെ പ്രശംസ പിടിച്ചു പറ്റിയ നെടുമങ്ങാട് നഗരസഭയുടെ സന്ദർഭോചിതമായ ഇടപെടലിലൂടെ ഐശുവിനും കണ്ണനും വീടെന്ന സ്വപ്നം സഫലമാവുകയാണ്. നഗരസഭ ജീവനക്കാരും സുമനസുകളും ചേർന്ന് വാണ്ട പനച്ചമൂട് കൊല്ലിയക്കോണം പണയിൽ പൂർത്തിയാക്കിയ വീടിന്റെ പാലുകാച്ചൽ 25ന് നടക്കും. നെട്ടയിൽ വിധവയായ അഖില എന്ന സെയിൽസ് ഗേളിന്റെ അപകട മരണത്തോടെ അനാഥനായ രോഗിയായ മകനും നിർമ്മാണം പാതി വഴിയിൽ നിലച്ച വീട് പൂർത്തിയാക്കാൻ നഗരസഭയുടെ ഈ അപൂർവ കൂട്ടായ്മ തുണയായി. ഈ വീടിന്റെ പാലുകാച്ചൽ ചടങ്ങ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ ഇന്ന് വൈകിട്ട് നടക്കുകയാണ്. ആലംബഹീനരായ നിരവധി പേർക്കാണ് ലൈഫ് മിഷന്റെ മാതൃകാ പ്രവർത്തനത്തിലൂടെ നെടുമങ്ങാട് നഗരസഭ വീട് യാഥാർത്ഥ്യമാക്കിയത്.
കരുത്തോടെ വനിതാ കൺസ്ട്രക്ഷൻ യൂണിറ്റ്
സംസ്ഥാനത്ത് മാത്രമല്ല രാജ്യത്ത് തന്നെ നൂറ് ശതമാനം ഭവനസാക്ഷാത്കാരം എന്ന ചരിത്ര നേട്ടം കരസ്ഥമാക്കുന്ന പ്രഥമ തദ്ദേശ സ്ഥാപനമാവുകയാണ് നെടുമങ്ങാട് നഗരസഭ. ഗുണഭോക്തൃ പട്ടികയിൽപ്പെട്ട 1,717 കുടുംബങ്ങളും പൂർത്തീകരിച്ച വീടുകളിലാണ് നിലവിൽ വാസം. പാതി വഴിയിൽ പണി നിലച്ചു പോയ വീടുകൾ പൂർത്തീകരിക്കാൻ നിർമ്മാണ ജോലികളിൽ പങ്കുചേർന്നും സ്വാകാര്യ സംരംഭകരെ തേടിപ്പിടിച്ച് സഹായങ്ങൾ സ്വീകരിച്ചുമാണ് ഈ നേട്ടം കൈയടക്കിയത്. നഗരസഭയെ സഹായിക്കാൻ കുടുംബശ്രീയുടെ കീഴിലുള്ള വനിതാ കൺസ്ട്രക്ഷൻ യൂണിറ്റ് മുന്നിട്ടിറങ്ങിയതും എടുത്തു പറയണം. കെട്ടിടം പണിയും കിണറും പൈപ്പ് ലൈനുകളും പെയ്ന്റിംഗും തറ ഡിസൈനിംഗുമൊക്കെ സ്ത്രീ തൊഴിലാളികളുടെ മേൽനോട്ടത്തിലായിരുന്നു.
അടിസ്ഥാന വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് നെടുമങ്ങാട് നഗരസഭ. നിശ്ചിത തുക ഉപയോഗിച്ച് വീടുകളുടെ പണി പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക് എല്ലാവിധ സഹായവും പിന്തുണയും നൽകും. സമർപ്പിത മനസുള്ള ജീവനക്കാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ മികച്ച നേട്ടം
ചെറ്റച്ചൽ സഹദേവൻ,
നഗരസഭ ചെയർമാൻ
നെടുമങ്ങാട് നഗരസഭ നിർമ്മിച്ചത് 1,717 വീടുകൾ
100 ശതമാനം ഭവന സാക്ഷാത്കാരം