തിരുവനന്തപുരം: വിമാനത്താവളം ഏറ്റെടുക്കാൻ അദാനിയെ അനുവദിക്കില്ലെന്ന് സംസ്ഥാനവും സംസ്ഥാനം അംഗീകരിച്ച നടപടികൾ വഴിയാണ് സ്വകാര്യവത്കരണം നടപ്പാക്കിയതെന്ന് കേന്ദ്രവും വ്യക്തമാക്കിയതോടെ തിരുവനന്തപുരം വിമാനത്താവളത്തെച്ചൊല്ലി നിയമയുദ്ധം മുറുകുമെന്നുറപ്പായി.
തുടർ നടപടികളിൽ സഹകരിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി സൂചിപ്പിച്ചിട്ടുണ്ട്. വികസനത്തിന് ഭൂമി ഏറ്റെടുത്ത് നൽകാനുമിടയില്ല. സർക്കാർ ഭൂമിയിലുള്ള വിമാനത്താവളം സർക്കാരിന്റേതാണെന്നും സർക്കാരിന്റെ അനുമതിയില്ലാതെ ഇവിടെ അദാനിക്ക് വികസനം പറ്റില്ലെന്നുമാണ് നിലപാട്. ഈ വാദമുയർത്തിയാവും സർക്കാരിന്റെ നിയമപോരാട്ടം. ലേലം റദ്ദാക്കി വിമാനത്താവളം നടത്തിപ്പ് സർക്കാരിന്റെ കമ്പനിയായ ടിയാലിന് നൽകണം. അല്ലെങ്കിൽ എയർപോർട്ട് അതോറിട്ടിയുടെ നടത്തിപ്പ് തുടരണം- ഇതാണ് ആവശ്യം.
സ്വകാര്യവത്കരണം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റേതുൾപ്പെടെ ഹർജികൾ ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് പാട്ടക്കരാറൊപ്പിടാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകിയത്. സംസ്ഥാനം, കെ.എസ്.ഐ.ഡി.സി, മുൻ സ്പീക്കർ എം. വിജയകുമാർ, എയർപോർട്ട് അതോറിട്ടി എംപ്ളോയീസ് യൂണിയൻ എന്നിവർ നൽകിയ ഹർജികൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കം ഇവിടെയല്ല ചോദ്യം ചെയ്യേണ്ടതെന്നു വ്യക്തമാക്കി കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീലിൽ കേസിന്റെ മെരിറ്റ് പരിഗണിച്ച് ഹൈക്കോടതി വാദം കേൾക്കണമെന്ന് ഫെബ്രുവരിയിൽ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.
വിമാനത്താവള നടത്തിപ്പിനായുള്ള 2019 ഫെബ്രുവരിയിലെ ലേലത്തിൽ വിജയിച്ചെങ്കിലും കേസ് കാരണമാണ് അദാനിക്ക് കരാറൊപ്പിടാൻ കഴിയാതിരുന്നത്. മൂന്നുവട്ടം കാലാവധി നീട്ടിനൽകി. കേസിൽ അന്തിമവിധി ഉണ്ടാകും വരെ വിമാനത്താവളം അദാനിക്ക് കൈമാറരുതെന്ന ഇടക്കാല ഉത്തരവുമുണ്ടായി. കേസ് സുപ്രീംകോടതി സ്റ്റേ ചെയ്യാത്തതിനാലാണ് കേന്ദ്രം തുടർനടപടികൾ ആരംഭിച്ചത്.
കൊവിഡ് പ്രതിസന്ധി മറികടക്കാൻ പ്രഖ്യാപിച്ച സ്വകാര്യവത്‌കരണ നടപടികളിൽ വിമാനത്താവളങ്ങളുടെ കൈമാറ്റവും ഉൾപ്പെടുത്തിയിട്ടുള്ള പശ്ചാത്തലത്തിലാണ് പാട്ടക്കരാറൊപ്പിടുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
സ്റ്റേ ഹർജിയും
വിമാനത്താവളം കൈമാറ്റം സ്റ്റേ ചെയ്യണമെന്ന് എയർപോർട്ട് അതോറിട്ടി എംപ്ലോയീസ് യൂണിയൻ ഹൈക്കോടതിയിൽ ഹർജി നൽകും.
സ്റ്റേ അനുവദിച്ചാലും ഇല്ലെങ്കിലും നിയമയുദ്ധം തുടരും. കേന്ദ്രവും സംസ്ഥാനവും സുപ്രീംകോടതിയെ സമീപിക്കും.
നമ്പർ വൺ
വർഷം 50 ലക്ഷം യാത്രക്കാരെ വരെ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ ഏഷ്യാ-പസഫിക് മേഖലയിലെ വിമാനത്താവളങ്ങളിൽ ഒന്നാമതാണ് തിരുവനന്തപുരം. 34 സേവനങ്ങളുടെ മേന്മയിലാണ് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ പുരസ്കാരം.
170 കോടി ലാഭം
2019ൽ തിരുവനന്തപുരം വിമാനത്താവളം 170 കോടി ലാഭം നേടി