aa

വർക്കല : വർക്കല പാപനാശം ടൂറിസം മേഖലയിൽ ടൂറിസവുമായി ബന്ധപ്പെട്ട് സർക്കാർ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ലോക ടൂറിസം ഭൂപടത്തിലിടം നേടിയ വർക്കല പാപനാശം ടൂറിസം കേന്ദ്രം ഇന്ന് നിശ്ചലമാണ്. പലതരത്തിലുള്ള കച്ചവടങ്ങളിലൂടെ ജീവിതമാർഗം കണ്ടെത്തിയിരുന്ന ആയിരങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്.

ഓരോ വർഷവും നഷ്ടങ്ങളുടെയും പലവിധ പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന ഇവിടുത്തെ ടൂറിസം മേഖലയെ പിടിച്ചു നിറുത്താനും കൈപിടിച്ചുയർത്താനും ബന്ധപ്പെട്ട ടൂറിസം വകുപ്പും സർക്കാർ സംവിധാനങ്ങളും നടപടികൾ കൈക്കൊള്ളുന്നില്ലെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നത്. കൊവിഡ് മഹാമാരിയെ തുടർന്ന് വർക്കലയിൽ എത്തിയിരുന്ന സഞ്ചാരികളുടെ സാന്നിധ്യം പൂർണമായും ഇല്ലാതായതോടെയാണ് ഇവിടം കടുത്ത പ്രതിസന്ധിയിലായത്. ഇവിടെ ചെറുതും വലുതുമായ 500റിലധികം സ്ഥാപനങ്ങളാണ് പ്രവർത്തിച്ചു വന്നിരുന്നത്. ഏകദേശം 4500ൽ പരം പേർ വർക്കലയിലെ വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. ഇവരിൽ നേപ്പാൾ, കാശ്മീർ, കർണാടക, ബീഹാർ, തമിഴ്നാട്, രാജസ്ഥാൻ, ഗുജറാത്ത്, ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇവിടെയുള്ള കച്ചവട സ്ഥാപനങ്ങളിൽ ജോലി നോക്കി വരുന്നുണ്ട്. സ്വന്തമായി കച്ചവടം ചെയ്യുന്നവരുമുണ്ട്. ഒക്ടോബറിൽ തുടങ്ങി മാർച്ച് വരെ നീളുന്ന സീസണായിരുന്നു ഇവരുടെയെല്ലാം പ്രതീക്ഷ. അതാണ് കൊവിഡ് എന്ന മഹാമാരിയെ തുടർന്ന് തകർന്നടിഞ്ഞത്.

പുതിയ സാഹചര്യത്തിൽ നാച്ചുറോപ്പതി, ആയുർവേദം, യോഗ തുടങ്ങിയ ആരോഗ്യ ടൂറിസത്തിന് പ്രാധാന്യം നൽകിയുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് പാപനാശത്തെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ചിലക്കൂർ മുതൽ കാപ്പിൽ വരെയുള്ള ടൂറിസം മേഖല ഇന്ന് തീർത്തും വിജനമാണ്.