photo

അരുവിക്കര : അരുവിക്കര ഗ്രാമപഞ്ചായത്ത് പരിധിയിൽ തരിശുഭൂമി ഏറ്റെടുത്ത് കർഷകസംഘം പ്രവർത്തകരുടെസംയോജിത കൃഷിക്ക് തുടക്കമായി.ഇരുപത് വർഷമായി കാടുപിടിച്ചു കിടന്ന മൂന്നര ഏക്കറിലാണ് തുടക്കമിട്ടത്.മൈലം വാർഡിലെ അരുവി ആഗ്രോഫാം കർഷകസംഘം പ്രവർത്തകർ തരിശുഭൂമി കൃഷിയോഗ്യമാക്കി. മാതൃക പച്ചക്കറി തോട്ടം,ആടുവളർത്തൽ കേന്ദ്രം,നേപ്പിയർ ഇനം പുല്ല് വളർത്തൽ,മത്സ്യം വളർത്തൽ,വെറ്റില കൃഷി,നേന്ത്രവാഴ,മരച്ചീനി തുടങ്ങിയവയാണ് ഇവിടെ ഒരുങ്ങുന്നത്.അരുവിക്കര ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ആർ.രാജ്മോഹന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ. കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും കുറഞ്ഞ പലിശയിൽ വായ്പ വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. മൈലം പുളിച്ചിമാംമൂട്ടിൽ കേരള കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ.എൻ ബാലഗോപാൽ തരിശുഭൂമി കൃഷി ഉദ്ഘാടനം നിർവഹിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി കെ.സി വിക്രമൻ, ജില്ലാ പ്രസിഡന്റ് വി.എസ് പത്മകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ആർ. രാജ്മോഹൻ, സി.പി.എം വിളപ്പിൽ ഏരിയാ സെക്രട്ടറി കെ.സുകുമാരൻ, ബ്ലോക്ക് പ്രസിഡന്റ് ബി.ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി, വൈസ് പ്രസിഡന്റ് ബി.ഷാജു, കൃഷി ഓഫീസർ ഷീബ തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.