mullapally

തിരുവനന്തപുരം: ഒന്നുമില്ലാത്തിടത്തു നിന്ന് ഇന്ത്യയെ ഇന്ന് കാണുന്ന മഹാസൗധമാക്കിയത് കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ പ്രവർത്തനഫലമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഭരിക്കുന്ന ഇന്നത്തെ ഫാസിസ്റ്റുകൾ പൊതുമേഖല സ്ഥാപനങ്ങളും ഭരണഘടനാനിർമ്മിതസ്ഥാപനങ്ങളും ഓരോന്നായി തകർക്കുന്നു. കേന്ദ്ര സർക്കാരിന്റെ അതേപാതയിലാണ് കേരള മുഖ്യമന്ത്രിയും. മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റി കേന്ദ്ര അന്വേഷണ ഏജൻസികൾ വട്ടമിട്ട് പറക്കുന്നത് അപമാനമാണ്. ക്രാന്തദർശിയായ രാജീവ് ഗാന്ധിയുടെ ജീവിതം സുഗന്ധം പരത്തി ഞൊടിയിടയിൽ കത്തിത്തീർന്ന കർപ്പൂര ദീപം പോലെയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

അഞ്ച് വർഷത്തെ ഭരണം കൊണ്ട് 50 വർഷത്തെ നേട്ടമാണ് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ചതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കെ. മുരളീധരൻ എം.പി, ഡോ. ശൂരനാട് രാജശേഖരൻ, ടി. ശരത്ചന്ദ്ര പ്രസാദ്, മൺവിള രാധാകൃഷ്ണൻ, തമ്പാനൂർ രവി, കെ.പി. അനിൽകുമാർ, പാലോട് രവി, മണക്കാട് സുരേഷ്, എം.എം. നസീർ തുടങ്ങിയവർ പങ്കെടുത്തു. മെമ്പർഷിപ്പ് കാമ്പയിന്റെ ഉദ്ഘാടനം മുല്ലപ്പള്ളി നിർവഹിച്ചു. ഡി.സി.സി, ബ്ലോക്ക്, മണ്ഡലം തലത്തിലും രാജീവ് ഗാന്ധി അനുസ്മരണവും അന്നദാനവും നടന്നു.