ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയോട് ചേർന്നുള്ള കൊടിനട- താന്നിവിള റോഡിന്റെ ശോച്യാവസ്ഥ യാത്രക്കാരുടെ നടുവൊടിക്കുന്നു. റോഡിലെ അഞ്ഞൂറ് മീറ്രറോളം ഭാഗമാണ് കുണ്ടുംകുഴിയും നിറഞ്ഞത്. താരതമ്യേന വീതികുറഞ്ഞ റോഡിലാണ് ഈ പ്രതിസന്ധി.
റോഡ് വികസനത്തിന്റെ ഭാഗമായി കൊടിനട –താന്നിവിള റോഡിൽ മെറ്റൽ പാകിയിട്ട് ആഴ്ചകളായി. ടാറിംഗ് വൈകുന്നതിനാൽ വളരെ ബുദ്ധിമുട്ടിയാണ് വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നത്. ഓട്ടോറിക്ഷ അടക്കമുള്ള ചെറിയ വാഹനങ്ങൾക്കാണ് ഏറെ ക്ളേശം.
താന്നിവിള റോഡിലെ വടക്കേവിളയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലേക്ക് ദിവസവും നിരവധി വാഹനങ്ങളാണ് എത്തുന്നത്. സമീപത്തുള്ള ഷോപ്പിംഗ് കോംപ്ളക്സിൽ നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് എത്തുന്നവരും റോഡിന്റെ ശോച്യാവസ്ഥയിൽ വലയുന്നു. നവീകരണം അടിയന്തരമായി പൂർത്തിയാക്കണമെന്നും ഇതിനായി അധികൃതർ ഇടപെടണമെന്നുമാണ്
കൊടിനടയിലെ ഓട്ടോറിക്ഷാ തൊഴിലാളികളും വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളും വ്യാപാരികളും ആവശ്യപ്പെടുന്നത്.