തിരുവനന്തപുരം:ലൈഫ് പദ്ധതിയിൽ ഭവന നിർമ്മാണത്തിന് യു.എ.ഇ ഭരണാധികാരി അദ്ധ്യക്ഷനായ റെഡ് ക്രസന്റ് നൽകിയ 20 കോടിയിൽ നിന്ന് സ്വർണക്കടത്തിലെ പ്രതി സ്വപ്നയും സംഘവും നാലേകാൽ കോടി തട്ടിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നാല് ഐ.എ.എസ് ഉദ്യോഗസ്ഥരിലേക്ക്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനു പുറമെ, റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ട യു.വി.ജോസ്, അന്നത്തെ ചീഫ്സെക്രട്ടറി ടോം ജോസ്, തദ്ദേശസെക്രട്ടറി ടി.കെ.ജോസ് എന്നിവരിലേക്കാണ് അന്വേഷണം. ഇതിൽ ടി.കെ.ജോസ് ഇപ്പോൾ ആഭ്യന്തര അഡി.ചീഫ്സെക്രട്ടറിയാണ്. എല്ലാവരെയും ഇ.ഡി ചോദ്യംചെയ്യും. അതേസമയം, മുഖ്യമന്ത്രിയും വകുപ്പ്മന്ത്രി എ.സി.മൊയ്തീനും ഫയലുകൾ കണ്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ലൈഫ് മിഷന് കൂടുതൽ അധികാരവും സ്വാതന്ത്ര്യവുമുള്ളതിനാൽ ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രി കാണേണ്ട ആവശ്യമില്ലെന്നാണ് തദ്ദേശ വകുപ്പിന്റെ വിശദീകരണം. തൃശൂരിലായിരുന്നതിനാൽ മന്ത്രി മൊയ്തീനും ഫയൽ കണ്ടില്ല.
കുടുക്കിയത് ശിവശങ്കർ
യു.വി.ജോസ് ലൈഫ്മിഷൻ സി.ഇ.ഒയാവുന്നതിന് മുൻപ് ആ പദവിയിലുണ്ടായിരുന്ന ശിവശങ്കർ, അതീവരഹസ്യമായും തന്ത്രപരമായും നടത്തിയ ഇടപാടിൽ മറ്റ് ഉദ്യോഗസ്ഥർ പെട്ടുപോയെന്നാണ് സൂചന.
2019 ജൂലായ്11നാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത്. തലേന്ന് വൈകിട്ടാണ് വകുപ്പ്സെക്രട്ടറി ടി.കെ.ജോസ് വിവരമറിഞ്ഞത്. നിയമവകുപ്പ് ധാരണാപത്രം അംഗീകരിച്ച് നൽകിയെന്ന് ശിവശങ്കറാണ് അറിയിച്ചത്. ലൈഫ് മിഷനെയും സി.ഇ.ഒ യു.വി.ജോസിനെയും വിവരമറിയിച്ചതും ശിവശങ്കറാണ്.
ഇരുപത് കോടിയുടെ ഭവനനിർമ്മാണത്തിന് റെഡ്ക്രസന്റ് സന്നദ്ധമാണെന്നും അവരുടെ സംഘം കേരളത്തിലെത്തിയിട്ടുണ്ടെന്നും നാളെ (ജൂലായ് 11) ധാരണാപത്രം ഒപ്പിടണമെന്നുമായിരുന്നു ടി.കെ.ജോസിനെ അറിയിച്ചത്. ഇതുപ്രകാരമാണ് 11ന് രാവിലെ ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസിന്, ടി.കെ.ജോസ് കുറിപ്പ് കൈമാറിയത്. അന്ന് വൈകിട്ട് അഞ്ചിന് ധാരണാപത്രം ഒപ്പിടാനെത്തണമെന്നായിരുന്നു നിർദ്ദേശം. ധാരണാപത്രം റെഡ്ക്രസന്റ് കൈമാറിയതാണെന്ന വിവരമുള്ളത് ഈ കുറിപ്പിലാണ്.നിയമ, തദ്ദേശവകുപ്പുകൾ സൂക്ഷ്മപരിശോധന നടത്തിയ കരാറിൽ അഡി.ചീഫ്സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ഒപ്പിടുകയാണ് താൻ ചെയ്തതെന്നാണ് യു.വി.ജോസിന്റെ പക്ഷം.
വീഴ്ചകളുടെ ഘോഷയാത്ര
ഇരുപത്കോടി വിദേശസഹായം സ്വീകരിക്കുന്ന പദ്ധതിക്ക് മുഖ്യമന്ത്രി ഫയൽ കാണാതെയും മന്ത്രിസഭ അറിയാതെയും എങ്ങനെ അനുമതിയായെന്നത് ദുരൂഹം
സർക്കാരിനു വേണ്ടിയുള്ള കരാറാണെങ്കിൽ ഗവർണറുടെ പേരിലേ ഒപ്പിടാനാവൂ. റെഡ്ക്രന്റുമായുള്ള കരാർ സർക്കാരിന് വേണ്ടി യു.വി.ജോസാണ് ഒപ്പിട്ടത്.
ധാരണാപത്രമുള്ള സ്ഥിതിക്ക് നിർമ്മാണത്തിന്റെ ഡിസൈൻ, ഡ്രായിംഗ്, എസ്റ്റിമേറ്റ് എന്നിവ തദ്ദേശവകുപ്പിൽ വരേണ്ടതാണ്. വകുപ്പിൽ രേഖകളില്ല. ലൈഫ് മിഷനിലുണ്ടാവാമെന്ന് വകുപ്പ് സെക്രട്ടറി പറയുന്നു.
ധാരണാപത്രത്തിലെ ഇംഗ്ലീഷ് ഭാഗം മാത്രമാണ് നിയമവകുപ്പ് അംഗീകരിച്ചത്. അറബി ഭാഷയിലുള്ള ഭാഗം ഗസറ്റഡ് റാങ്കുള്ള അറബിക് അദ്ധ്യാപകർ സർട്ടിഫൈ ചെയ്യേണ്ടതായിരുന്നു. അതുണ്ടായില്ല.
വിദേശസഹായം സ്വീകരിക്കാൻ കേന്ദ്രാനുമതി വേണ്ടതാണ്, പക്ഷേ ഇവിടെ പണമല്ല വീടുകളാണ് സ്വീകരിച്ചതെന്ന ന്യായം വിലപ്പോവില്ല.
കരാറുകാരനെയും നിർമ്മാണരീതിയുമൊക്കെ റെഡ്ക്രസന്റിന് തീരുമാനിക്കാൻ വടക്കാഞ്ചേരിയിലേത് സ്വതന്ത്ര പദ്ധതിയല്ല. സർക്കാരുമായി ചേർന്നുള്ളതാണ്. ഭൂമിയും കെട്ടിട പെർമിറ്റും സർക്കാരിന്റേതാണ്. ഡിസൈനടക്കം അംഗീകരിച്ചത് ലൈഫ് മിഷനാണ്.