വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ജംഗ്ഷനിൽ നിറുത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ അമിത വേഗതയിലെത്തിയ ഓട്ടോ ഇടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രെെവർ വട്ടയം സ്വദേശി വിജയൻ, ഓട്ടോയിൽ സഞ്ചരിച്ചിരുന്ന വയ്യേറ്റ് സ്വദേശി ജലീൽ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11 ഓടെയായിരുന്നു അപകടം. അമിത വേഗതയിൽ ഓട്ടോറിക്ഷ ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഓട്ടോയിൽ കുടുങ്ങിയവരെ വെഞ്ഞാറമൂട് ഫയർപോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ അരുൺ മോഹൻ,ബിജേഷ്,സനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.