നെയ്യാറ്റിൻകര: കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളും സുരക്ഷാ നടപടികളും ചർച്ച ചെയ്യാൻ നെയ്യാറ്റിൻകരയിൽ ഡി.ഐ.ജി സഞ്ജയ്‌കുമാർ ഗുരുദിന്റെ നേതൃത്വത്തിൽ പൊലീസ് ഓഫീസർമാരുടെ അവലോകന യോഗം ചേർന്നു. സുരക്ഷാ ക്രമീകരണങ്ങൾക്കായി പ്രത്യേക ചുമതലക്കാരെ നിയോഗിക്കാനായിരുന്നു യോഗം.
റൂറൽ എസ്.പി ബി. അശോകിന്റെ നേതൃത്വത്തിലാണ് മേഖലാ ചാർജുകാരെ ചുമതലപ്പെടുത്തിയത്. പാറശാലയിൽ വി.എസ്. ദിനുരാജ് (ഡിവൈ.എസ്.പി നർക്കോട്ടിക് സെൽ), വെള്ളറടയിൽ വി. വിജു (ഡിവൈ.എസ്.പി നർക്കോട്ടിക് സെൽ), വിഴിഞ്ഞം-പൂവാർ വരെ എൽ.എൻ. ഷാഹിർ, എസ്.പി സെബാസ്റ്റ്യൻ സാബു, ജില്ലാ ക്രൈം ഡിവൈ. എസ്.പി എസ്. പ്രമോദ്കുമാർ എന്നിവർക്കാണ് ചുമതല. നെയ്യാറ്റിൻകര ഡിവിഷൻ ഡിവൈ.എസ്.പി അനിൽകുമാറിനെ കോ ഓർഡിനേറ്ററായും ചുമലപ്പെടുത്തിയിട്ടുണ്ട്. പൊതുമാർക്കറ്റുകൾ അതത് പ്രദേശത്തെ ഒരു സ്ഥലത്തായി ക്രമീകരിക്കാനും സാമൂഹിക അകലം പാലിച്ച് വ്യാപാരികളെയും സാധനം വാങ്ങാനെത്തുന്നവരെയും മാർക്ക് ചെയ്ത് നിറുത്താനും യോഗം തീരുമാനിച്ചു. ഓരോ വ്യാപാരിയും സ്വന്തമായി ഡയറി സൂക്ഷിക്കണം. ഓരോ ദിവസവും വ്യാപാര സ്ഥാപനത്തിലെത്തുന്ന ആൾക്കാരുടെ പേരും വിവരവും ഫോൺ നമ്പറും ഡയറിയിൽ രേഖപ്പെടുത്തണമെന്നും യോഗം തീരുമാനിച്ചു.