hareesh

കാസർകോട്: കുമ്പള നായ്ക്കാപ്പിലെ ഓയിൽ മിൽ ജീവനക്കാരൻ ഹരീഷിനെ (38) വെട്ടിക്കൊന്ന സംഭവത്തിനു പിന്നിൽ ഒരു യുവതിയുമായുള്ള ശ്രീകുമാറിന്റെ ബന്ധം ചോദ്യം ചെയ്തിന്റെ വൈരാഗ്യമാണെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. കൊല നടപ്പാക്കിയ സംഘത്തിലെ മുഖ്യനായ കുമ്പള കുണ്ടങ്കാരടുക്കയിലെ ശ്രീനിലയത്തിൽ ശരത്ത് എന്ന ശ്രീകുമാറിൽ (27) നിന്നാണ് നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇരുവരും ജോലി ചെയ്യുന്ന ഓയിൽ മില്ലുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു സ്ത്രീമായുള്ള ശ്രീകുമാറിന്റെ ബന്ധത്തെ മില്ല് നോക്കിനടത്തുന്ന കൊല്ലപ്പെട്ട ഹരീഷ് ചോദ്യം ചെയ്തിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തു. സംഘട്ടനത്തിനിടയിൽ ഹരീഷിനെ കൊല്ലുമെന്ന് ശ്രീകുമാർ ഭീഷണി മുഴക്കിയതായും വിവരം ലഭിച്ചിട്ടുണ്ട്. മില്ലിൽ നിന്ന് പിരിച്ചുവിടുമെന്ന് ഹരീഷ് പറഞ്ഞതും ശ്രീകുമാറിന്റെ വൈരാഗ്യം ഇരട്ടിച്ചു. ഇതേ തുടർന്ന് സുഹൃത്തുക്കളെ ഒപ്പം കൂട്ടി കൊല നടത്തിയെന്നാണ് പൊലീസ് പറയുന്നത്. കൊല നടത്താൻ എത്തിയ സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നാലാമനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ശ്രീകുമാറുമായി ബന്ധമുണ്ടെന്ന് പറയുന്ന സ്ത്രീയെ കുമ്പള ഇൻസ്‌പെക്ടർ പ്രമോദ് സംഭവ ദിവസം രാത്രി തന്നെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. ഹരീഷ് കൊല്ലപ്പെട്ടതറിഞ്ഞു രാത്രി തന്നെ ഈ സ്ത്രീ ആശുപത്രിയിൽ എത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ഇവരിൽ നിന്നെല്ലാം പൊലീസ് മൊഴിയെടുക്കും. പ്രതിയുമായി പൊലീസ് നടത്തിയ തെളിവെടുപ്പിൽ നായ്ക്കാപ്പിന് സമീപത്തെ തോട്ടിൽ നിന്ന് ചോര പുരണ്ട ഷർട്ട് കണ്ടെടുത്തിരുന്നു.