കിളിമാനൂർ: കേരളത്തിലെ മുഴുവൻ ഭവന രഹിതർക്കും വീട് നിർമ്മിച്ച് നല്കുന്ന ലൈഫ് പദ്ധതിയെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. മൂതലയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത പ്രവാസിയുടെ നിർദ്ധന കുടുംബത്തിന് കെ.എം. ജയദേവൻ മാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽദാന ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കോടിയേരി.
ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.പി. മുരളി താക്കോൽദാനം നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് അഡ്വ. മടവൂർ അനിൽ അദ്ധ്യക്ഷത വഹിച്ചു. ക്വാറന്റൈൻ കേന്ദ്രത്തിൽ സ്തുത്യർഹ സേവനം നടത്തിയ രജിത്തിനെ വി. ജോയി എം.എൽ.എ ആദരിച്ചു. പ്രതിഫലമായി രജിതിന് ലഭിച്ച 43000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എം.എൽ.എ ഏറ്റുവാങ്ങി. സി.പി.എം കിളിമാനൂർ ഏരിയാ സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ്, ഡി. സ്മിത, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി, സൊസൈറ്റി ട്രഷറർ എസ്. രഘുനാഥൻ തുടങ്ങിയവർ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി എം. ഷാജഹാൻ സ്വാഗതവും സി.പി.എം പള്ളിക്കൽ ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം നന്ദിയും പറഞ്ഞു.