തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഏത് സ്ഥലത്തും രണ്ടുമണിക്കൂർ കൊണ്ട് ഐ.സി.യു സംവിധാനവും വൈദ്യുതിയുമുള്ള ഇൗടുറ്റ ആശുപത്രി സജ്ജമാക്കാനുള്ള സാങ്കേതിക വിദ്യ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്‌നോളജി വികസിപ്പിച്ചെടുത്തു.
മെഡിക്യാബ് എന്ന സംവിധാനത്തിന് ദേശീയ അംഗീകാരവും ലഭിച്ചു.
മദ്രാസ് ഐ.ഐ.ടിയുടെ കീഴിലെ സ്റ്റാർട്ട്അപ്പായ മോഡുലസ് ഹൗസിംഗിന്റെ സഹായത്തോടെ രണ്ടിടത്ത് സ്ഥാപിക്കുകയും ചെയ്തു. ചെന്നൈ ചെങ്കൽപ്പേട്ട് സുഗാഹെൽത്ത് കോർപ് പ്രൈവറ്റ് കോർപ്പറേഷനിൽ 34 ലക്ഷം രൂപ ചെലവിൽ 30 കിടക്കകളോട് കൂടിയ ആശുപത്രിയും വയനാട് വരദൂറില പ്രാഥമിക ആരോഗ്യ കേന്ദ്രത്തോട് ചേർന്ന് 16 ലക്ഷം രൂപ മുടക്കി 12 കിടക്കകളോടുകൂടിയ ആശുപത്രിയും സ്ഥാപിച്ചു.
രോഗവ്യാപനം കൂടുന്ന ക്ളസ്റ്ററുകളിൽ മണിക്കൂറുകൾക്കകം സ്ഥാപിക്കാം. ആവശ്യം കഴിഞ്ഞാൽ അഴിച്ചെടുത്ത് മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാം. ശ്രീചിത്രയിലെ ശാസ്ത്രജ്ഞരായ എൻ. എൻ. സുഭാഷ്, സി. വി.മുരളീധരൻ, മോഡുലസ് ഹൗസിംഗ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീറാം രവിചന്ദ്രൻ തുടങ്ങിയവരാണ് ഇത് യാഥാർത്ഥ്യമാക്കിയത്.
#മെഡിക്യാബ് യൂണിറ്റ്
ഡോക്ടറുടെ മുറി,
രോഗികൾക്ക് ഐസൊലേഷൻ മുറി, വാർഡ്,
രണ്ട് കിടക്കകളുള്ള ഐ.സി.യു
#സവിശേഷത
-ദീർഘകാലം ഈടുനിൽക്കും
-അനായാസം സ്ഥാപിക്കാം
-സോളാർ വൈദ്യുതി സംവിധാനം
-കനത്തമഴയെ അതിജീവിക്കും
-200, 400, 800 ചതുരശ്ര അടി വൃസ്തൃതി
- സ്ഥാപിക്കാൻ നാലുപേർ മതി
"രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ നിലവിലെ ആശുപത്രി സംവിധാനങ്ങൾ തികയാതെ വരും. ഈ സാഹചര്യത്തെ അതിജീവിക്കാൻ മെഡിക്യാബിലൂടെ കഴിയും"
ഡോ. ആശാ കിഷോർ,
ശ്രീചിത്ര ഡയറക്ടർ