covid-

തിരുവനന്തപുരം: ആറുമാസത്തിലേറയായി വൈറസിനൊപ്പം സഞ്ചരിക്കുന്ന കേരളത്തിന് വളരെ കരുതലോടെ നീങ്ങേണ്ട നാളുകളാണ് മുന്നിലുള്ളത്. രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധന സെപ്തംബറിൽ ഉണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൈറസ് വ്യാപനം ഏറ്റവും ഉയർന്ന നിരക്കിലെത്തുന്ന ദിവസങ്ങളാണ് കാത്തിരിക്കുന്നത്. നിലവിലെ കണക്കനുസരിച്ച് തുടർച്ചയായ ദിവസങ്ങളിൽ ശരാശരി 5000 രോഗികളുണ്ടാകും. ഈ ഘട്ടത്തിൽ ഐ.സി.യു കിടക്കകൾ തികയാതെ വരുമെന്ന ആശങ്കയാണ് ആരോഗ്യവിദഗ്ധർ പങ്കുവയ്ക്കുന്നത്. ഒക്‌സിജൻ സഹായം ആവശ്യമായ രോഗികളാണ് വെല്ലുവിളിയാകുന്നത്. ഐ.സി.യു ലഭ്യമല്ലെങ്കിൽ മരണസംഖ്യ നിയന്ത്രണാതീതമാകും. സ്വകാര്യ ആശുപത്രികളുടെ പൂർണമായ സഹകരണം ഉറപ്പാക്കിയാൽ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാവൂ. പരിശോധന വർദ്ധിക്കുന്നതനുസരിച്ച് രോഗികളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. 36,291 സാമ്പിളുകൾ പരിശോധിച്ച ബുധനാഴ്ച 2333 പേർക്ക് രോഗം സ്ഥിരീകരിച്ചു. സെപ്തംബർ അവസാനത്തോടെ 50,000 സാമ്പിളുകൾ പ്രതിദിനം പരിശോധിക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. നിലവിൽ 100 പേരെ പരിശോധിക്കുമ്പോൾ ആറുപേരാണ് പോസിറ്റീവാകുന്നത്. കഴിഞ്ഞമാസം ഇത് 3 ആയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർദ്ധിച്ചതിന് തെളിവാണിത്. എന്നാൽ ഇപ്പോഴുണ്ടാകുന്ന വർദ്ധനവ് പ്രതിരോധ പ്രവർത്തനങ്ങളുടെ പാളിച്ചയല്ലെന്നും വൈറസ് സമൂഹത്തിലേക്ക് പടർന്നുകഴിഞ്ഞാൽ സ്വാഭാവികമായി ഉണ്ടാകുന്ന സ്ഥിതിയാണെന്നും വിദഗ്ധർ പറയുന്നു. വൈറസിനെ ദിവസങ്ങൾകൊണ്ട് പിടിച്ചുകെട്ടാൻ സാദ്ധ്യമല്ല. എന്നാൽ ഒറ്രയടിക്ക് രോഗികൾ വർദ്ധിക്കാതെ ക്രമാനുഗതമായി വർദ്ധനവ് ഉണ്ടാകുന്നത് പ്രതിരോധപ്രവർത്തനങ്ങളുടെ മികവാണ്. മുന്നൊരുക്കം നടത്താൻ ആവശ്യമായ സമയം ലഭിച്ചു.

ആയിരത്തിൽ നിന്ന് അരലക്ഷത്തിലേക്ക് 84 ദിവസം(ഗ്രാഫ്)​

 ആദ്യ കൊവിഡ് റിപ്പോർട്ട് -ജനുവരി 30

 4 മാസം പിന്നിട്ട് മേയ് 27ന് രോഗബാധിതർ- 1000+

 തുടർന്ന് 50 ദിവസം കൊണ്ട്

രോഗികൾ- 10,000

അടുത്ത 12 ദിനം കൊണ്ട് രോഗികൾ- 20,000 +

 3 നാൾ പിന്നിട്ട് ആഗസ്റ്റ് 2- 25,​000

 ആഗസ്റ്റ് 6- 30,000.

 ആഗസ്റ്റ് 14 - 40,000

 ആഗസ്റ്റ് 19 - 50,000+

അഞ്ച് ദിവസം കൊണ്ട് 10.000 പുതിയ രോഗികൾ.

ഐ.സി.യു

 സർക്കാരിൽ- 1900

 സ്വകാര്യമേഖലയിൽ- 3200

വെന്റിലേറ്ററുകൾ

 സർക്കാരിൽ- 950

 സ്വകാര്യമേഖലയിൽ- 1800

' രോഗികളുടെ എണ്ണം പെരുകുമ്പോൾ മരണസംഖ്യ വർദ്ധിക്കാതെ നോക്കണം. ഐ.സി.യു കിടക്കകൾക്ക് ക്ഷാമം ഉണ്ടായാൽ സ്ഥിതി സങ്കീർണമാകും.'

-ഡോ. ഡി. പദ്മനാഭഷേണായി

റുമറ്റോളജിസ്റ്റ്, കൊച്ചി