കോവളം: റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് വൃദ്ധ മരിക്കാനിടയായ കാർ കോവളം പൊലീസ് കണ്ടെത്തി. കാർ ഓടിച്ചിരുന്ന വിഴിഞ്ഞം കോട്ടപ്പുറം കുന്നത്തുമേലെ ഹൗസിൽ രാജനെ (43) അറസ്റ്റ് ചെയ്തു.
വെള്ളാർ എസ്.എൻ കോട്ടേജിൽ പരേതനായ സുകുമാരന്റെ ഭാര്യ കെ. സരസ്വതിയെ ആണ് (74) കഴിഞ്ഞ 11ന് രാവിലെ 9.45ന് വെള്ളാർ ജംഗ്ഷനിൽ കോട്ടപ്പുറം സ്വദേശി ജിബിന്റെ ഉടമസ്ഥതയിലുള്ള റെനോ ക്വിഡ് കാറിടിച്ചത്. ജിബിന്റെ ബന്ധുവായ രാജനാണ് കാർ ഓടിച്ചിരുന്നത്.
അപകടത്തിന് ശേഷം ഇയാൾ തന്നെ സരസ്വതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തൊട്ടുമുമ്പിലൂടെ കടന്നുപോയ മഹീന്ദ്ര സ്കോർപ്പിയോ കാറാണ് അപകടമുണ്ടാക്കിയതെന്ന് മൊഴി നൽകിയ ശേഷം രാജൻ ആശുപത്രിയിൽ നിന്ന് കടക്കുകയായിരുന്നു. കോവളം പൊലീസിന് ലഭിച്ച സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് രണ്ട് വാഹനങ്ങളും കസ്റ്രഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ രണ്ട് വാഹന ഉടമകളും സംഭവത്തിൽ പങ്കില്ലെന്ന് മൊഴിനൽകി. കഴിഞ്ഞ ദിവസം ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിലാണ് അപകടത്തിനിടയാക്കിയ വാഹനം തിരിച്ചറിഞ്ഞത്. രാജനെ കേസെടുത്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി കോവളം എസ്.എച്ച്.ഒ പി. അനിൽകുമാർ പറഞ്ഞു.